ഐഎസ്എല്‍; എഫ്‌സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ജംഷഡ്പൂര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എഫ്‌സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ ജംഷഡ്പൂര്‍ 22 പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്തി. ഡാനിയല്‍ ചിമ ചുക്വുവാണ് ജംഷഡ്പൂരിന്റെ ഗോള്‍ സ്‌കോറര്‍. ജയത്തോടെ ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ജംഷഡ്പൂരിനു കഴിയും.

കളിയിലാകെ ആധിപത്യം പുലര്‍ത്തിയിട്ടും പരാജയപ്പെടാനായിരുന്നു ഗോവയുടെ വിധി. 63 ശതമാനം ബോള്‍ പൊസിഷനും 9 ഷോട്ടുകളും ഉണ്ടായിരുന്നിട്ടും ഗോവയ്ക്ക് ജംഷഡ്പൂരിനെ മറികടക്കാനായില്ല. 49ആം മിനിട്ടില്‍ അവരുടെ വിധിയെഴുതിയ ഗോള്‍ പിറന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഈസ്റ്റ് ബംഗാളില്‍ നിന്നെത്തിയ നൈജീരിയന്‍ താരം ഡാനിയല്‍ ചീമയ്ക്ക് ജംഷഡ്പൂരിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലക്ഷ്യം ഭേദിക്കാനായി.

12 മത്സരങ്ങളില്‍ നിന്ന് 6 ജയം സഹിതം 22 പോയിന്റോടെയാണ് ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തിയത്. ഒരു മത്സരം കൂടുതല്‍ കളിച്ച ഹൈദരാബാദ് 23 പോയിന്റുമായി ഒന്നാമതും ഒരു മത്സരം കുറച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്തും ആണ്.

 

 

Top