ഐഎസ്എല്‍: ഇയാന്‍ ഹ്യൂം ഇനി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കുവേണ്ടി പന്തുരുട്ടും

iain-hume

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ തിളങ്ങിയ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിനെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കുവേണ്ടി കളിക്കും. സീസണില്‍ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്താത്തതിനെത്തുടര്‍ന്ന് ഹ്യൂം ഐ.എസ്.എല്ലിനുണ്ടാവില്ല എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യൂമിനെ ടീമിലെടുക്കാന്‍ തീരുമാനിച്ചതെന്ന് അത്‌ലറ്റിക്കോ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് പറഞ്ഞു. അഞ്ചുഗോളുകളാണ് ഹ്യൂം കഴിഞ്ഞ സീസണില്‍ നേടിയത്.

ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറ്റവും ജനപ്രിയ താരമായിരുന്നു ഹ്യൂം. ഐ.എസ്.എല്ലിന് കേരളത്തില്‍ ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുന്നതില്‍ താരത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഹ്യൂമുള്‍പ്പെടെ പ്രധാന വിദേശ താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കുറി ഒരുങ്ങുന്നത്.

കഴിഞ്ഞതവണത്തെ ജേതാക്കളായ കൊല്‍ക്കത്ത ടീം സീസണില്‍ നടത്തുന്ന ആദ്യ വിദേശ റിക്രൂട്ട്‌മെന്റ് കൂടിയാണിത്. കൊല്‍ക്കത്തയുടെ മലയാളി താരം മുഹമ്മദ് റാഫിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഐ.എസ്.എല്ലിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്.

Top