ഐഎസ്എല്ലില്‍ കളിക്കാന്‍ ദ്രോഗ്ബയ്ക്ക് 6.5 കോടിയുടെ വാഗ്ദാനം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയ്ക്ക് 6.5 കോടി രൂപയുടെ വാഗ്ദാനം. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് മുന്‍ ചെല്‍സി സൂപ്പര്‍താരത്തിന് വന്‍ വാഗ്ദാനം നല്‍കിയത്.

നാലുമാസത്തേക്ക് താരവുമായി കരാറുണ്ടാക്കാനാണ് കൊല്‍ക്കത്ത ടീമിന്റെ നീക്കം. ആറരക്കോടിക്ക് പുറമേ ഇന്ത്യയിലെത്തിയാലുള്ള ചെലവുകള്‍ ക്ലബ്ബ് വഹിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ താരം തീരുമാനമെടുത്തിട്ടില്ല. ദ്രോഗ്ബയുടെ ഇംഗ്ലണ്ടിലെ ഏജന്റ് ബാല്‍ജിത്ത് റിഹാല്‍ ഇംഗ്ലണ്ടിലെ പത്രത്തിനോടാണ് വാഗ്ദാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സൂപ്പര്‍ ലീഗില്‍ ക്ലബ്ബുകള്‍ക്ക് ജൂലായ് 31നകം മാര്‍ക്കീ താരത്തെ ടീമിലെടുക്കണം. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ചിക്കാഗോ ഫയര്‍ അടക്കം നിരവധി ക്ലബ്ബുകള്‍ താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.

ഐവറി കോസ്റ്റിനായി 104 കളിയില്‍ ബൂട്ടുകെട്ടിയ താരം 65 ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഐവറികോസ്റ്റിനെ നയിച്ചത് ദ്രോഗ്ബയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിക്കായി 254 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Top