ഐഎസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഒലവക്കോട് സ്വദേശിയാണ് ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

തേജസ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ 2013 ലാണ് ഗള്‍ഫിലേക്ക് കടന്നത്. ഉംറയ്ക്ക് പോകുകയാണ് എന്ന പറഞ്ഞാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. അന്നു മുതല്‍ ഇയാള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധമില്ലെന്നാണ് സൂചന.

ലണ്ടനില്‍ പിടിയിലായ ഐഎസ് തീവ്രവാദിയില്‍ നിന്നാണ് മലയാളികളെ കുറിച്ചുളള വിവരം ലഭിച്ചതെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് ജോലി വിട്ടുപോകുന്നവരെ കുറിച്ചുളള വിവരശേഖരണം സര്‍ക്കാര്‍ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 18 മാസത്തിനുളളില്‍ ഇന്ത്യന്‍ വംശജരായ 13 പേര്‍ ഐഎസില്‍ ചേരാനായി വിദേശത്തേക്ക് കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവര്‍ എല്ലാം ഇരുപതുകളിലുളളവരാണ്. ഇവരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ നിന്നുളള ഒരാള്‍ മാത്രമാണ് ഭീകര സംഘടനയുടെ ആക്രമണമുഖത്തുളളത്. മറ്റുളളവര്‍ ഡ്രൈവര്‍മാരായും സഹായികളായും പാചകക്കാരായും ജോലി നോക്കുന്നു.

മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നുളള നാല് യുവാക്കളും ഓസ്‌ട്രേലിയ, ഒമാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള ഇന്ത്യന്‍ വംശജരായ മൂന്ന് യുവാക്കളും ഐസിനൊപ്പം ജോലി ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top