ബ്രിട്ടീഷ് സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഐഎസ് തീവ്രവാദ പാതയില്‍;ഞെട്ടലോടെ ലോകം

ലണ്ടന്‍: ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി നാടുവിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ഷമിമ ബീഗം(15), കദീസ സുല്‍ത്താന (16), മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പേരു വെളിപ്പെടുത്താത്ത പതിനഞ്ചുകാരി എന്നിവരാണ് കഴിഞ്ഞ ചൊവ്വാഴ്ച ഐഎസില്‍ ചേരാനായി ഇറങ്ങിത്തിരിച്ചത്. സിറിയയിലേക്കാണ് പെണ്‍കുട്ടികള്‍ പോയതെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ തീവ്രവാദ സംഘടനയില്‍ ചേരുന്ന പ്രവണത അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. ഇതില്‍ ബ്രിട്ടണ്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2014ല്‍ ഏതാണ്ട് 3,000 ത്തോളം യൂറോപ്യന്‍ മുസ്ലിങ്ങള്‍ തീവ്രവാദ സംഘടനയില്‍ ചേരാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയിട്ടുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ഡിസംബറില്‍ സിറിയയിലേക്ക് പോയ സുഹൃത്തായ പെണ്‍കുട്ടിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചത്. മാതാപിതാക്കളോട് കള്ളം പറഞ്ഞ് ഇവര്‍ വീട് വിടുകയായിരുന്നു. ഷമിമ മൂത്ത സഹോദരി അക്‌ലിമയുടെ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഷമിമയും കദീസയും ബംഗ്ലാദേശ് വംശജരാണ്. വിമാനത്താവളത്തിലെ സി.സി ടിവിയില്‍നിന്ന് മൂവരുടെയയും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഒരിക്കലും നാട്ടില്‍ തിരിച്ചെത്താനാവില്ലെന്ന് ഇവര്‍ക്ക് അറിവില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് കമാന്‍ഡര്‍ റിച്ചാര്‍ഡ് വാള്‍ട്ടണ്‍ പറഞ്ഞു. ഐഎസ് വലിയൊരു മനുഷ്യാവകാശ പ്രസ്ഥാനമാണെന്നും അതില്‍ ചേര്‍ന്നാല്‍ ധാരാളം പണം കിട്ടുമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്.

സ്‌കൂളിലെ പെണ്‍കുട്ടികളടക്കമുള്ളവര്‍ ഐഎസ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വാര്‍ത്ത പുറത്തു വന്നത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തെ ഇന്ത്യയും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

Top