ഐഎന്‍ജി വൈശ്യ ബാങ്ക് കൊടക് മഹീന്ദ്ര ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: ഐഎന്‍ജി വൈശ്യ ബാങ്കിനെ കൊടക് മഹീന്ദ്ര ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞതായി ബാങ്ക് അറിയിച്ചു. ഏറ്റെടുക്കുന്നതോടെ സ്വകാര്യമേഖലയിലെ നാലാമത്തെ പ്രമുഖ ബാങ്കായി കൊടക് മഹീന്ദ്രാ മാറും.

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകള്‍കളാണ് കൊടക് മഹീന്ദ്രാ ബാങ്കിനു മുന്നിലുള്ളത്. ഐഎന്‍ജി വൈശ്യ ബാങ്കിന്റെ 1000 ഓഹരികള്‍ കൈവശമുളള ഓഹരിയുടമകള്‍ക്ക് 725 ഓഹരികള്‍ കൈമാറാനാണ് കൊട്ടക്ക് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ബിഎസ്ഇ വ്യാപാരങ്ങളില്‍ ഇരു ഓഹരികളും ആറു ശതമാനത്തിന്റെ നേട്ടത്തോടെ മുന്നേറിയിരുന്നു. പിന്നീട് കൊടക് ഓഹരി വില 7.28 ശതമാനത്തിന്റെ നേട്ടത്തോടെ 1157.05 ലും ഐഎന്‍ജി വൈശ്യയുടെ ഓഹരിവില 7.15 ശതമാനത്തിന്റെ നേട്ടത്തോടെ 814.20 രൂപയിലും അവസാനിച്ചു.

കൊടക് മഹീന്ദ്ര ഓഹരിയുടെ മുഖവില അഞ്ചു രൂപയാണ്. ഐഎന്‍ജി വൈശ്യ ബാങ്കിന്റെതിന് 10 രൂപ വരും. നിലവില്‍ ഐഎന്‍ജി വൈശ്യ ബാങ്കിലെ വിദേശപങ്കാളിത്തം 71 ശതമാനമാണ്. കൊടക് മഹീന്ദ്രയില്‍ 42 ശതമാനമാണ് വിദേശപങ്കാളിത്തമെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉദയ് കൊട്ടക്ക് വ്യക്തമാക്കി. ഇതോടെ പ്രൊമൊട്ടറുടെ ഓഹരിവിഹിതം 34 ശതമാനമായി.

Top