ഏറ്റുമുട്ടല്‍ ഭൂമിയില്‍ വിജയ്യും സംഘവും

ചന്ദന കള്ളകടത്തുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന ശേശാചലത്തിന് സമീപം ഇളയ ദളപതി വിജയ്യും സംഘവും സിനിമാ ചിത്രീകരണത്തിനെത്തി. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിയുടെ ചിത്രീകരണത്തിലാണ് വിജയ്, ശേശാചലം വനത്തിന് സമീപത്ത് എത്തിയത്. ചന്ദനകള്ളക്കടത്തുകാരും പൊലീസും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 20 പേര്‍ മരിച്ചിരുന്നു. തമിഴ്‌നാട്ടുകാരാണ് മരിച്ചവരെല്ലാം. എന്നാല്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടി പൊലീസ് കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.

തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമാണ് കൊലപാതകത്തിനു ശേഷം നടക്കുന്നത്. ഈ വിവാദങ്ങള്‍ക്കെല്ലാം ഇടയിലാണ് പ്രദേശത്ത് വിജയ്യും സംഘവും സിനിമ ചിത്രീകരിക്കാന്‍ എത്തിയത്. ഏറ്റുമുട്ടല്‍ നടന്നതിന് 30 കിലോമീറ്റര്‍ അകലെയായിരുന്നു ഷൂട്ടിങ്. നായിക ശ്രുതി ഹാസനും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ നടന്നെങ്കിലും സിനിമാ ചിത്രീകരണം തടസമില്ലാതെ നടന്നു. സൈക്കോ ഫാന്റസി ത്രില്ലറായ പുലിയില്‍ ഹന്‍സിക, ശ്രീദേവി, സുദീപ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top