ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി. അന്വേഷണം നടത്തേണ്ടത് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കണം. അന്വേഷണത്തിന് സിഐഡിയോ പ്രത്യേക അന്വേഷണ സംഘമോ വേണമെന്നും കോടതി നിരീക്ഷിച്ചു. വ്യാജ ഏറ്റുമുട്ടല്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഏറ്റുമുട്ടലുണ്ടായാല്‍ അക്കാര്യം മനുഷ്യാവകാശ കമ്മീഷനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കണമെന്നും ഏറ്റുമുട്ടലുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ഏറ്റുമുട്ടലിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഹാജരാക്കണമെന്നും ഇവ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് ഉടനടി പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ല. ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായമോ നിയമസഹായമോ നല്‍കണം. വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നറിയച്ച കോടതി എന്നാല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്നും ഉത്തരവിട്ടുണ്ട്.

Top