വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യക്കാകുമെന്ന് ഐ.എം.എഫ്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യക്കാകുമെന്ന വിലയിരുത്തലില്‍ അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.).

പുതിയ നയപരിഷ്‌കാരങ്ങളും അനുകൂലമായ ഉത്പന്ന വിലയും നിക്ഷേപത്തിന് അവസരമൊരുങ്ങിയതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വളര്‍ച്ചാനിരക്കില്‍ ചൈന പിന്നിലായിരിക്കുകയാണ്. ആഗോള രംഗത്ത് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുമുണ്ട്. എങ്കിലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാകുമെന്നാണ് ഐ.എം.എഫ്. പറയുന്നത്.

അതേസമയം ഈ വര്‍ഷം രണ്ടാംതവണയും ആഗോള വളര്‍ച്ചാ അനുമാനം കുറച്ചു. ഈവര്‍ഷം 301 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.

രാജ്യം 7.5 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. 7.3 ശതമാനമാണ് ഐ.എം.എഫിന്റെ പ്രതീക്ഷ.

ഈ സാഹചര്യം നിലനിര്‍ത്താനായാല്‍ 2020ഓടെ ഇന്ത്യ സുപ്രധാന സാമ്പത്തിക ശക്തിയാകുമെന്നും അന്താരാഷ്ട്ര നാണ്യനിധി വിശ്വാസം പങ്കുവെയ്ക്കുന്നു.

Top