ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലെന്ന നേട്ടം സ്വന്തമാക്കി ഓള്‍ട്ടോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലെന്ന നേട്ടം സ്വന്തമാക്കി മാരുതിയുടെ ചെറുകാര്‍ മോഡലായ ഓള്‍ട്ടോ. തുടര്‍ച്ചയായ പത്താം വര്‍ഷവും മാരുതി സുസുക്കിയുടെ സ്വീകാര്യതയെ മറികടക്കാന്‍ മറ്റു കമ്പനികള്‍ക്ക് സാധിച്ചില്ല.

വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2014-15) 2.64 ലക്ഷം ഓള്‍ട്ടോയാണ് വിറ്റഴിഞ്ഞത്. 2013-14ല്‍ ഇത് 2.58 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്പന വര്‍ദ്ധന 2.4 ശതമാനം.

കൂടുതല്‍ വില്പന നടത്തിയ മോഡലുകളുടെ പട്ടികയില്‍ രണ്ട് തൊട്ട് നാല് വരെയുള്ള സ്ഥാനങ്ങളിലും മാരുതി സുസുക്കി തന്നെയാണുള്ളത്.

2.01 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി സ്വിഫ്റ്റാണ് രണ്ടാമത്. 2013-14ല്‍ വില്പന 1.98 ലക്ഷം. കഴിഞ്ഞ വര്‍ഷത്തെ വര്‍ദ്ധന 1.4 ശതമാനം.

സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലായ ഡിസയര്‍ 1.92 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി മൂന്നാം സ്ഥാനത്തുണ്ട്. 2.3 ശതമാനം നേട്ടമാണ് ഡിസയര്‍ കഴിഞ്ഞ വര്‍ഷം നേടിയത്. 2013-14ല്‍ വില്പന 1.87 ലക്ഷമായിരുന്നു.

നാലാം സ്ഥാനത്തുള്ള വാഗണ്‍ ആറിന്റെ 1.61 ലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ദ്ധന 3.12 ശതമാനം. 2013-14ല്‍ വിറ്റഴിക്കപ്പെട്ടത് 1.56 ലക്ഷം വാഗണ്‍ ആറുകളാണ്.

ഹ്യൂണ്ടായ് ഐ 10, ഹ്യൂണ്ടായ് ഇയോണ്‍, ഹ്യൂണ്ടായ് എലൈറ്റ് ഐ 20 എന്നിവയാണ് യഥാക്രമം അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്. ഹോണ്ട സിറ്റി സെഡാന്‍ എട്ടാം സ്ഥാനവും മാരുതി സെലെറിയോ ഒമ്പതാം സ്ഥാനവും ഹോണ്ട അമേസ് പത്താം സ്ഥാനവും നേടി.

Top