ഏകദിന ക്രിക്കറ്റില്‍ പരിഷ്‌കാരങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ദുബായ്: ഏകദിന ക്രിക്കറ്റിനെ അടിമുടി പരിഷ്‌കരിക്കാനുള്ള തീരുമാനങ്ങളോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ആദ്യ പത്ത് ഓവറിലെ ഫീല്‍ഡിങ് , ബാറ്റിങ് പവര്‍ പ്ലേ എന്നിവയിലാണ് സുപ്രധാന മാറ്റങ്ങള്‍. ആദ്യ പത്ത് ഓവറുകളിലെ നിര്‍ബന്ധിത ഫീല്‍ഡിങ് നിയന്ത്രണം ഇനി ഉണ്ടാകില്ല. 15 മുതല്‍ 40 വരെ ഓവറുകളിലുണ്ടായിരുന്ന ബാറ്റിങ് പവര്‍പ്ലേയും എടുത്തുകളഞ്ഞു.

അതോടൊപ്പം ബോളിങ് ക്രീസിലെ പിഴവുമൂലമുള്ള നോബോളിനൊപ്പം എല്ലാത്തരം നോബോളുകള്‍ക്കും ഫ്രീഹിറ്റ് അനുവദിക്കാനും ഐ.സി.സി തീരുമാനിച്ചു. നേരത്തെ ഫ്രണ്ട് ഫൂട്ട് നോബോളിന് മാത്രമേ ഫ്രീ ഹിറ്റ് അനുവദിച്ചിരിന്നുള്ളു. ആദ്യ പത്തോവറില്‍ സര്‍ക്കിളിനുള്ളില്‍ നിര്‍ബന്ധമായും ക്യാച്ചെടുക്കാനുള്ള പൊസിഷനുകളില്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞിട്ടിട്ടുണ്ട്.

അടുത്തമാസം അഞ്ച് മുതല്‍ പുതിയ പരിഷ്‌ക്കരണങ്ങള്‍ നിലവില്‍ വരുമെന്ന് ഐസിസി മേധാവി ഡേവ് റിച്ചാഡ്‌സന്‍ പറഞ്ഞു. അനില്‍ കുംബ്ലെ അധ്യക്ഷനായ സമിതി കഴിഞ്ഞ മേയില്‍ സമര്‍പ്പിച്ച പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങളാണ് ഐസിസി അംഗീകരിച്ചത്. ഏകദിന ക്രിക്കറ്റിലെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ബോളര്‍മാര്‍ക്കുണ്ടായിരുന്ന പഴയ പ്രാധാന്യം തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടികള്‍.

ബാറ്റിംഗ് പവര്‍ പ്ലേ ആനുകൂല്യം മുതലെടുത്ത് അവസാന 15 ഓവറില്‍ ബാറ്റിംഗ് ടീം നടത്തുന്ന വെടിക്കെട്ട് ബാറ്റിംഗ് ഏകദിനങ്ങളില്‍ 400ന് അപ്പുറമുള്ള സ്‌കോര്‍ പോലും സാധാരണമാക്കിയിരുന്നു.

2012 ഒക്ടോബറിലാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അധിക ആനുകൂല്യം നല്‍കി സര്‍ക്കിളിന് പുറത്ത് നാലു ഫീല്‍ഡര്‍മാരില്‍ കൂടുതല്‍ പാടില്ലെന്ന് നിര്‍ദേശം ഐസിസി നടപ്പിലാക്കിയത്. ഇതിനുമുമ്പ് അഞ്ച് ഫീല്‍ഡര്‍മാരെവരെ സര്‍ക്കിളിന് പുറത്ത് വിന്യസിക്കാമായിരുന്നു.

Top