ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനം അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകളിലേയ്ക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം.www.hscap.keralagov.in എന്ന വെബസൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. ജൂണ്‍ മൂന്നിനു ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. തുടര്‍ന്നു ജൂണ്‍ 10ന് ആദ്യ അലോട്ട്‌മെന്റ്. ജൂണ്‍ 25നു മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കും. ജൂലൈ ഒന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലൈ അഞ്ചിന് ആരംഭിച്ച് പ്രവേശന നടപടികള്‍ 31 ഓടെ പൂര്‍ത്തിയാക്കും.

3,61,130 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതില്‍ 2.38,944 മെറിറ്റ് സീറ്റുകളാണ്. സര്‍ക്കാര്‍ മേഖലയില്‍ 821 സ്‌ക്കൂളുകളും എയ്ഡഡില്‍ 839 സ്‌ക്കൂളുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം 85987 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഈ വര്‍ഷം 218 പുതിയ ബാച്ചുകള്‍ കൂടി അനുവദിച്ചിരുന്നു.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവച്ചശേഷം അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്കായി സമര്‍പ്പിക്കണം. ഓരോ ജില്ലയിലെ വിദ്യാര്‍ഥികളും അതാത് ജില്ലയിലെ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്‌കൂളുകളില്‍ നിന്നു വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അലോട്ട്‌മെന്റിനായി പരിഗണിക്കൂ. 25 രൂപയാണ് അപേക്ഷാ ഫീസ്.അപേക്ഷകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യഘട്ട അലോട്ട്‌മെന്റിനു മുമ്പായി ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഈ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷയോടൊപ്പം നല്‍കിയ വിവരങ്ങളില്‍ എന്തെങ്കി ലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസരമാണിത്. സ്‌കൂളുകള്‍ മാറുന്നതും വിഷയ കോമ്പിനേഷനുകള്‍ മാറ്റംവരുത്തുന്നതും ഉള്‍പ്പെടെയുള്ളവ ഈ ഘട്ടത്തിലും അനുവദിക്കും. ട്രയല്‍ അലോട്ട്‌മെന്റിനു ശേഷമാണ് മുഖ്യ അലോട്ട്‌മെന്റ് ആരംഭിക്കുന്നത്.

Top