വാട്ട്‌സ്ആപ്പ്ദൃശ്യം; സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി

പത്തനംതിട്ട: സൗത്ത് സോണ്‍ എ.ഡി.ജി.പി പത്മകുമാറിനെതിരെ സരിത എസ്. നായര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

വാട്ടസ്ആപ്പ് വഴി പ്രചരിച്ച തന്റെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ എ.ഡി.ജി.പി പത്മകുമാറാണെന്ന് ആരോപിച്ച് സരിത, മാസങ്ങള്‍ക്ക് മുന്‍പ് ഡി.ജി.പിയ്ക്ക് നല്‍കിയ പരാതി വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങിയ കൃഷ്ണമൂര്‍ത്തിയെ ആയിരുന്നു ഡി.ജി.പി ഏല്‍പ്പിച്ചിരുന്നതെങ്കിലും കഴിഞ്ഞ ഫെബ്രുവരി 28ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്ത് കൃഷ്ണമൂര്‍ത്തി ഫയല്‍ മടക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഡി.ജി.പി ബാലസുബ്രഹ്മണ്യം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സോളാര്‍ കേസില്‍ പിടികൂടുന്ന സമയത്ത് എറണാകുളം ഐ.ജി ആയിരുന്ന പത്മകുമാര്‍ തന്നെ കലൂരിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും സരിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അറസ്റ്റ് ചെയ്തതോടൊപ്പം പൊലീസ് പിടിച്ചെടുത്ത ലാപ്പ്‌ടോപ്പുകളിലും മൊബൈലുകളിലും ചിലത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാണാനില്ലെന്നും, ഇതിന് പിന്നില്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനും പത്മകുമാറുമാണെന്നും സരിത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ഫോണില്‍ നിന്നാണ് താന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പിന്നീട് പുറത്തായതെന്നും, ഇതുപോലെ തന്നെയാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ടെതെന്നുമാണ് അവരുടെ ആരോപണം.

എ.ഡി.ജി.പി തനിക്കയച്ച നഗ്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാമെന്ന് കൂടി സരിത പറഞ്ഞത് പൊലീസ് സേനയ്ക്കാകെ നാണക്കേടായിരുന്നു.

പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമായതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് കൃഷ്ണമൂര്‍ത്തി ഫയലില്‍ വ്യക്തമാക്കിയിരുന്നത്.

ഈ സാഹചര്യത്തില്‍ സരിതയുടെ പരാതിയില്‍ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തുന്നത്.

എ.ഡി.ജി.പിയുടെ അടക്കം മെഴി രേഖപ്പെടുത്തി മുന്നോട്ട് പോകേണ്ട അന്വേഷണത്തിന് പത്മകുമാര്‍ ക്രമസമാധാനപാലന ചുമതലയില്‍ തുടരുന്നത് തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഗുരുതരമായ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടും ആരോപണ വിധേയനായ എ.ഡി.ജി.പിയെ സ്ഥലം മാറ്റാന്‍ തയ്യാറാകാത്ത ആഭ്യന്ത വകുപ്പിന്റെ നടപടിയാണ് സംശയത്തിനിട നല്‍കുന്നത്.

സരിതയെ അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി ക്രമസമാധാന ചുമതലയില്‍ ഒരേസ്ഥലത്ത് തുടരുകയാണ് ഇത് പൊലീസ് സേനയില്‍ അത്യപൂര്‍വ്വമാണ്.

എറണാകുളം ഐ.ജി ആയിരുന്ന പത്മകുമാറിന് എ.ഡി.ജി.പി പ്രമോഷന്‍ ലഭിച്ചപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥരെ തഴഞ്ഞാണ് സൗത്ത് സോണില്‍ ക്രമസമാധാന ചുമതല നല്‍കി നിയമിച്ചത്.

ഈ ഉദ്യോഗസ്ഥരുടെ അടുത്ത് ഇനിയും പുറത്ത് വരാത്ത സോളാര്‍ ‘രഹസ്യങ്ങള്‍’ ഉണ്ടെന്നും അതുകൊണ്ടാണ് സംരക്ഷിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Top