എ.ജിയെ മാറ്റുന്നതാണ് നല്ലതെന്ന സൂചന നല്‍കി സുധീരന്‍; ലക്ഷ്യം ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ വിമര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ.

ഹൈക്കോടതി വിമര്‍ശനത്തില്‍ എ.ജി ദണ്ഡപാണിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പൂര്‍ണമായും ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനായി മുഖ്യമന്ത്രിയും നിയമമന്ത്രി കെ.എം മാണിയും എറണാകുളത്ത് പ്രത്യേക യോഗം വിളിച്ച് എ.ജിക്കുള്ള സര്‍ക്കാര്‍ പിന്‍തുണ അറിയിക്കുകയും ചെയ്തു.

എന്നാല്‍ സംസ്ഥാന താല്‍പര്യത്തിന് വേണ്ടിയാണ് എ.ജി നിലകൊള്ളേണ്ടതെന്നും സര്‍ക്കാരിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ ഹാജരാകുന്നത് ശരിയല്ലെന്നും തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ നിലപാടല്ല പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കാനാണ്.

നേരത്തെ എ.ജിയുടെ ഓഫീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. സര്‍ക്കാരിനെതിരായ കേസില്‍ എ.ജി ദണ്ഡപാണിയുടെ അസോസിയേറ്റ് കേസ് നടത്തുകയും എ.ജിയുടെ മകന്‍ തന്നെ ഹാജരാവുകയും ചെയ്തിരുന്നു. കോടതി വിമര്‍ശനം ഉന്നയിച്ചതോടെ എ.ജിയുടെ മകന്‍ വക്കാലത്തൊഴിയുകയായിരുന്നു.

എ.ജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ല. അവര്‍ അബ്കാരി ഗ്രൂപ്പുകളുടേയോ, ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ്. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി ആഞ്ഞടിച്ചിരുന്നു.

ഇതിനു മറുപടിയായാണ് എറണാകുളത്ത് യോഗം ചേര്‍ന്ന് എ.ജിയില്‍ സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ നീക്കത്തെ തള്ളി രംഗത്ത് വരിക വഴി എ.ജിയെ മാറ്റുന്നതാണ് നല്ലതെന്ന സന്ദേശമാണ് സുധീരന്‍ നല്‍കുന്നത്.

ബാര്‍ കോഴക്കേസിലും മൂന്നാര്‍ കേസിലും എ.ജിക്കെതിരെ കടുത്ത വിമര്‍ശനവുമായി വി.എം സുധീരനും ടി.എന്‍ പ്രതാപനും നേരത്തെ രംഗത്ത് വന്നിരുന്നു.

Top