എ.ഐ ക്യാമറ സ്ഥാപിച്ചശേഷം വാഹനാപകടമരണനിരക്കില്‍ കുറവ് ;വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചേക്കും

.ഐ ക്യാമറ സ്ഥാപിച്ചശേഷം വാഹനാപകടമരണനിരക്കില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നകാര്യം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമലംഘനങ്ങളില്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിഗമനം. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

ഇന്‍ഷുറന്‍സില്ലാത്തതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായിച്ചേര്‍ന്ന് സ്ഥലസൗകര്യം ഒരുക്കും. ക്രിമിനല്‍ കേസുകളില്‍പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കുന്നതും പരിഗണനയിലാണ്. ഇതുസംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ജി.ഐ. കൗണ്‍സില്‍ സെക്രട്ടറിജനറല്‍ ഇന്ദ്രജീത് സിങ്ങുമായി ധാരണയിലായി.

 

Top