എസ്.പി രാഹുല്‍ ആര്‍ നായരുടെ കോഴ ഇടപാട്; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: പത്തനംതിട്ട എസ്.പിയായിരിക്കെ രാഹുല്‍ ആര്‍. നായര്‍ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിന്റെ അന്വേഷണ മേല്‍നോട്ടച്ചുമതല വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ ഒഴിഞ്ഞു. പകരം അഡി. ഡയറക്ടര്‍ ഷേഖ് ദര്‍വേഷ് സാഹിബിന് ചുമതല കൈമാറിയിട്ടുണ്ട്.

കേസൊതുക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ ഒരു ഡിവൈഎസ്പി, സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് അടുത്തിടെ വിജിലന്‍സില്‍ എത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറാന്‍ സര്‍ക്കാരില്‍ നിന്ന് ഡയറക്ടര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന.

പത്തനംതിട്ട സബ് ഡിവിഷനില്‍ ക്രമസമാധാന ചുമതല വഹിക്കെ, രാഹുലിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വിന്‍സണ്‍ പോള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനെയാണ് അദ്ദേഹത്തിന്റെ എതിര്‍പ്പ് മറികടന്ന് വിജിലന്‍സില്‍ നിയമിച്ചത്.

ഈ ഉദ്യോഗസ്ഥന് ഏപ്രില്‍ 30 നാണ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചത്. തൊട്ടടുത്ത ദിവസം റേഞ്ചിന്റെ ചുമതല നല്‍കി വിജിലന്‍സില്‍ നിയമിക്കുകയായിരുന്നു. കോഴ ഇടപാട് ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രനാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതിനു മുമ്പ് തന്നെ പത്തനംതിട്ടയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിന്‍സണ്‍ പോളിനെ നേരില്‍ കണ്ട് കോഴ ഇടപാടിനെക്കുറിച്ച് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ദക്ഷിണമേഖലാ സൂപ്രണ്ടായിരുന്ന ഷാജഹാന്‍ ഫിറോസ് പ്രാഥമികാന്വേഷണം നടത്തുന്നതിനിടെയായിരുന്നു ഡിവൈഎസ്പിയുടെ ഇടപെടല്‍.

ഒരു മുന്‍മന്ത്രിയുടെ ശുപാര്‍ശയുണ്ടെന്ന് പറഞ്ഞ് വിളിച്ച ഡിവൈഎസ്പി അന്വേഷണം മയപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു ക്വാറിക്ക് 20 ലക്ഷം രൂപ വീതം തങ്ങളുടെ നാല് ക്വാറികള്‍ക്ക് 80 ലക്ഷം രൂപയാണ് രാഹുല്‍ ആവശ്യപ്പെട്ടതെന്ന് ആരോപിച്ച ജയേഷിന്റെ മൊഴി അവാസ്തവമാണെന്നായിരുന്നു വാദം.

ഈ വിവരം അറിഞ്ഞ വിന്‍സണ്‍ പോള്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡിവൈഎസ്പിയുടെ ഇടപെടല്‍ അദ്ദേഹം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് കേസന്വേഷണ ചുമതല നേരിട്ട് ഏറ്റെടുത്ത അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയ എസ്.പി ഷാജഹാന്‍ ഫിറോസ്, തിരുവല്ല ഡിവൈഎസ്പി, റാന്നി സി.ഐ, കോയിപ്രം എസ്.ഐ, എസ്.പി ഓഫീസിലെ ജീവനക്കാര്‍, ഷാഡോ പൊലീസ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് നേരിട്ട് മൊഴിയെടുത്തു.

കൊച്ചിയില്‍ വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലിനടുത്ത് വച്ച് കോഴയിടപാട് നടന്നതായി സ്ഥിരീകരിച്ചാണ് അദ്ദേഹം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ദക്ഷിണ മേഖലാ സുപ്രണ്ട് എം. രാജ്‌മോഹനാണ് തുടരന്വേഷണം നടത്തിയത്.

രാജ്‌മോഹന്‍ വിരമിച്ചപ്പോള്‍ ആ സ്ഥാനത്ത് സ്ഥാനക്കയറ്റം ലഭിച്ച വിവാദ ഡിവൈഎസ്പിയെ നിയമിക്കുകയായിരുന്നു. ഈ നിയമനത്തോടുള്ള എതിര്‍പ്പ് സര്‍ക്കാരിനെ വിന്‍സണ്‍ പോള്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

അടച്ചുപൂട്ടിയ ക്വാറികള്‍ തുറന്നുകൊടുത്തത് എഡിജിപി ശ്രീലേഖയും ഐ.ജി മനോജ് എബ്രഹാമും നിര്‍ദ്ദേശിച്ചത് മൂലമാണെന്ന് ആരോപിച്ച് രാഹുല്‍ തടിതപ്പാന്‍ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണന്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോള്‍ മരവിപ്പിച്ച മട്ടിലാണ്. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല. അന്വേഷണങ്ങള്‍ ഇഴയുന്നതിനിടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി രാഹുലിനെ സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോയില്‍ നിയമിച്ചിരുന്നു.

Top