എസ്.പിയുടെ വാദം എഫ്‌ഐആറില്‍ ഇല്ല; കോടതിയെ സമീപിച്ച് കുരുക്കാന്‍ സിപിഎം

കൊച്ചി: ഹര്‍ത്താല്‍ ദിവസം അങ്കമാലിയില്‍ വൃദ്ധന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ് ചെയ്തും അടിച്ചും പരിക്കേല്‍പ്പിച്ച ആലുവ എസ്പി യതീഷ് ചന്ദ്രയുടെ വാദം പൊളിഞ്ഞു.

തന്നെ ആക്രമിച്ചതുകൊണ്ടാണ് പൊലീസ് നടപടിയുണ്ടായതെന്ന എസ്.പിയുടെ വാദത്തെ നിരാകരിക്കുന്നതാണ് അങ്കമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍.

ഹര്‍ത്താല്‍ ദിവസം പ്രകടനമായെത്തിയ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടസപ്പെടുത്തിയത് ചോദ്യം ചെയ്ത എസ്‌ഐയുമായുണ്ടായ തര്‍ക്കം ലാത്തി ചാര്‍ജിന് വഴിയൊരുക്കുകയായിരുന്നുവെന്ന തരത്തിലാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എസ്പിക്ക് പരിക്ക് പറ്റിയെന്നോ,പൊലീസ് ലാത്തി ചാര്‍ജിന് എസ്.പി നേതൃത്വം കൊടുത്തുവെന്നോ എഫ്‌ഐആറില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. 559/2015 പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഐപിസി 143,147,148,188,353,149 വകുപ്പുകള്‍ പ്രകാരം 30 പേര്‍ക്കെതിരെയാണ് അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വൃദ്ധനടക്കമുള്ളവരെ എസ്പി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് എസ്.പി തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞത് തനിക്കെതിരെ അടക്കം ആക്രമണമുണ്ടായതിനാലാണ് സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തതെന്നാണ്. മേലുദ്യോഗസ്ഥന്മാര്‍ക്ക് എസ്.പി നല്‍കിയ റിപ്പോര്‍ട്ടും ഇതിന് സമാനമാണ്.

പൊലീസ് നടപടിയില്‍ സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ.കെ.കെ ഷിബുവിനും സാരമായി പരിക്കേറ്റിരുന്നു. എസ്.പിയുടെ ബാറ്റണ്‍ന്റെ അടിയേറ്റ് ഷിബുവിന്റെ വിരല്‍ പൊട്ടിയിരുന്നു. തലക്ക് എസ്.പി അടിച്ചത് തടുത്തപ്പോഴാണ് പരിക്കേറ്റതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഷിബു വ്യക്തമാക്കിയിട്ടുണ്ട്.

മുട്ടിന് താഴെ മാത്രമാണ് എസ്.പിയും പൊലീസുകാരും സമരക്കാരെ ലാത്തി ചാര്‍ജ് ചെയ്‌തെന്ന പൊലീസിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ് സിപിഎം നേതാവിന്റെ ഈ മൊഴി.

ഒരു സംഘര്‍ഷ സാധ്യതയുമില്ലാതിരുന്ന പ്രദേശത്ത് സ്ഥലം എസ്‌ഐയുടെയും സിഐയുടെയും അഭിപ്രായങ്ങള്‍ മാനിക്കാതെ പുറത്ത് നിന്ന് രണ്ട് ബസ് നിറയെ പൊലീസിനെ കൊണ്ടുവന്നാണ് താനുള്‍പ്പെടെയുള്ളവരെ മൃഗീയമായി എസ്.പി യതീഷ് ചന്ദ്രയും സംഘവും മര്‍ദ്ദിച്ചതെന്നും മൊഴിയില്‍ ഷിബു വ്യക്തമാക്കിയിട്ടുണ്ട്.

എസ്.പിക്കെതിരായി നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും സിപിഎം നേതാക്കളുടെയും ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിജിപി യതീഷ് ചന്ദ്രയെ വിളിച്ച് വരുത്തി ശാസിച്ചിരുന്നു.

നടപടി ശാസനയില്‍ ഒതുക്കി എസ്.പിയെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത് തിരിച്ചറിഞ്ഞതോടെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം.

ഇതിന്റെ ഭാഗമായി എസ്.പിക്കെതിരെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. പൊലീസ് നടപടിയില്‍ പരിക്കേറ്റ 9 പേരെ മുന്‍നിര്‍ത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്യുക.

സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച സ്ഥലം എസ് ഐയെയും സിഐയെയും ഒഴിവാക്കി എസ്പിയെ മാത്രം ടാര്‍ജറ്റ് ചെയ്യാനാണ് തീരുമാനം. സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബുവിനെ എസ്.പി മര്‍ദ്ദിക്കുന്നത് തടയാന്‍ ഈ ഓഫീസര്‍മാര്‍ ശ്രമിച്ചിരുന്നു.

സാക്ഷി പട്ടികയില്‍ ഗസറ്റഡ് റാങ്കിലുള്ള രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയും ദൃശ്യങ്ങള്‍ ഹാജരാക്കിയും നിയമനടപടി ശക്തമാക്കാനാണ് തീരുമാനം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 9 പേരുടെയും മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ എസ്.പിക്കെതിരെ സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും പരാതിയും നല്‍കും.

സിപിഎം നിയമപരമായി പിടിമുറുക്കുന്നതോടെ അങ്കമാലിയിലെ പൊലീസ് നടപടിയിലൂടെ ‘ഹീറോ’ ആയ യതീഷ് ചന്ദ്ര ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.

അങ്കമാലി എസ്‌ഐയുടെയും സിഐയുടെയും മൊഴികളും കേസില്‍ നിര്‍ണായകമാകും. പൊലീസ് നടപടി ‘കൈവിട്ട കളി’ ആയിപ്പോയെന്ന വികാരമാണ് അങ്കമാലി പൊലീസിനുള്ളത്.

Top