എസ്.പിക്കെതിരായ ഐ.ജിയുടെ കത്തില്‍ ഉന്നതതല അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: തന്നെ മനപൂര്‍വം കുടുക്കാന്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍ ഗൂഢാലോചന നടത്തിയെന്ന ഐ.ജി മനോജ് എബ്രഹാമിന്റെ പരാതിയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.

ഡി.ജി.പി ടി.പി സെന്‍കുമാറിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം റേഞ്ച് ഐ.ജി കൂടിയായ മനോജ് എബ്രഹാം നേരിട്ട് കത്ത് നല്‍കിയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണമല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഉന്നത ഐ.പിഎസ് ഉദ്യോഗസ്ഥരുടെയും നിലപാട്.

വളരെ രഹസ്യ സ്വഭാവമുള്ള ഫയലിലെ കണ്ടെത്തലുകള്‍ എന്ത് തന്നെയായാലും അത് ചോര്‍ത്തി നല്‍കുന്നത് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിന് വിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഇ-ബീറ്റ് പദ്ധതിയില്‍ താന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ഐ.ജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ വിദഗ്ദ്ധരടങ്ങിയ ഒന്നിലേറെ സമിതികളുടെ പരിശോധനയെ തുടര്‍ന്നാണ് ഹൈദെരബാദ് കമ്പനിയുമായി കരാറുണ്ടാക്കിയത്. കരാറില്‍ ഏര്‍പ്പെട്ട കമ്പനി ഭാവിയില്‍ പൂട്ടിപോകുമെന്നോ നടത്തിപ്പുകാര്‍ മുങ്ങുമെന്നോ മുന്‍കൂട്ടി പ്രവചിക്കാന്‍ താന്‍ ദിവ്യനൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു.

ഇ-ബീറ്റ് പദ്ധതിയില്‍ താന്‍ വഴിവിട്ടൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അക്കമിട്ടാണ് മനോജ് എബ്രഹാം ചൂണ്ടിക്കാണിക്കുന്നത്.

ഐ.ജിയുടെ വാദങ്ങളിങ്ങനെ:

*പൊലീസ് വകുപ്പിലെ എല്ലാ പര്‍ച്ചേസിംഗും സര്‍ക്കാരിന്റെ സ്റ്റോര്‍ പര്‍ച്ചേഴ്‌സിംഗ് നിയമപ്രകാരമാണ് നടക്കുക.

*ഇ -ബീറ്റ് സിസ്റ്റം പര്‍ച്ചേഴ്‌സിംഗും ഈ കര്‍ശനമായ നിയമപ്രകാരമാണ് നടത്തിയത്.

*വലിയ പര്‍ച്ചേസിംഗ് ആണെങ്കില്‍ മൂന്നോളം പ്രക്രിയവഴിയാണ് തീരുമാനമെടുക്കുന്നത്. ആദ്യം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ സ്‌പെസിഫിക്കേഷന്‍ തയ്യാറാക്കും. ഇതിനായി വിദഗ്ദ്ധരടങ്ങിയ ഒരു കമ്മിറ്റിയുണ്ടാക്കും. എ.ഡി.ജി.പിയോ ഡി.ജിപിയോ ഡി.ഐ.ജിയോ ആയിരിക്കും കമ്മിറ്റിക്ക് തേൃത്വം നല്‍കുക.

*വിദഗ്ദ്ധരടങ്ങിയ ഈ കമ്മിറ്റി ഉല്‍പ്പന്നങ്ങളെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. രണ്ടാമതായി വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ടെണ്ടര്‍ ക്ഷണിക്കും. ഇതിനായി ടെണ്ടര്‍ കമ്മിറ്റിയുമുണ്ട്. ടെണ്ടര്‍ ക്ഷണിച്ചതായി കാട്ടി പ്രമുഖ പത്രങ്ങളില്‍ പരസ്യവും നല്‍കും.

*മൂന്നാമതായി ടെണ്ടര്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ടെക്‌നിക്കല്‍ ഇവാല്വേഷന്‍ കമ്മിറ്റി രൂപീകരിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയര്‍മാനായ ഈ കമ്മിറ്റിയിലും വിദഗ്ദ്ധരുണ്ടാകും.

*ടെണ്ടറിനൊപ്പം ലഭിച്ച സാധങ്ങളുടെ ഗുണമേന്‍മയും സാങ്കേതികതയും പരിശോധിക്കുകയാണ് ഈ കമ്മിറ്റിയുടെ ചുമതല. സ്‌പെസിഫിക്കേഷനില്‍ പറഞ്ഞ കാര്യങ്ങളുമായി ഒത്തുപോകുന്നതാണോ ഇവയെന്നും പരിശോധിക്കും. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് പ്രൈസ് ബിഡ് ഓപ്പണ്‍ ചെയ്യുക. ഐ.ജിയുടെ തേൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതും ചെയ്യുക.

*തുടര്‍ന്ന് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള കമ്പിയുമായി കരാരില്‍ ഏര്‍പ്പെടും. ഇ ബീറ്റ് പദ്ധതിയുടെ കാര്യത്തിലും ഈ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്.

*സപ്ലെ ഓര്‍ഡര്‍ നല്‍കികഴിഞ്ഞാല്‍ സാധനങ്ങളുടെ ഗുണമേന്മ വീണ്ടും പരിശോധിക്കും. ചീഫ് സ്റ്റോര്‍ മാനേജരുടെ നേതൃത്വത്തിലാണ് ഈ പരിശോധന നടത്തുക. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പണം അനുവദിക്കുക. എന്നാല്‍ ഈ നടപടി ക്രമങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി രാഹുല്‍ ആര്‍ നായര്‍ പരിശോധിച്ചിട്ടില്ല. ഐ.ജി കത്തില്‍ ചൂണ്ടിക്കാട്ടി.

കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെതിരെ നിരന്തരമായി രംഗത്ത് വരുന്നത് സേനയുടെ അച്ചടക്കത്തിന് വിരുദ്ധമായതിനാല്‍ കര്‍ക്കശമായ നടപടിയുണ്ടാവണമെന്ന ആവശ്യം പൊലീസ് സേനയില്‍ ശക്തമാണ്.

ഐ.ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് അറിയാമായിരുന്നിട്ടും ഇതേ ഉദ്യോഗസ്ഥനെ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നില്‍ ചില ‘ഗൂഢ’ ലക്ഷ്യങ്ങളുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Top