എസ്എഫ്ഐ ജീവനോടുണ്ടോ? വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിട്ടും സംഘടനക്ക് മൗനം

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്ലാതെ സ്‌കൂളില്‍ പഠനം തുടരുകയും കോളജുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കി വിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുമ്പോള്‍ മൂകസാക്ഷിയായി പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ.

പാഠപുസ്തകമില്ലാത്തതിനെതിരെ ഭരണ വര്‍ഗ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദു നടത്തുമ്പോഴാണ് എസ്.എഫ്.ഐയുടെ മൗനം ചര്‍ച്ചയാകുന്നത്.

വിദ്യാഭ്യാസ വകുപ്പിലെ അഴിമതിക്കും നാണം കെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ചെറുവിരല്‍പോലും അനക്കാതെ എസ്.എഫ്.ഐ പഴയ സമര സംഘടനയുടെ നിഴല്‍ മാത്രമായിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരുവില്‍ ചോരചിന്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. വിദ്യാഭ്യാസ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വരെ തെരുവില്‍ തടഞ്ഞ് സര്‍ക്കാരിനെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് എസ്.എഫ്.ഐക്ക്.

എസ്.എഫ്.ഐ തുടങ്ങുന്ന സമരം ഡി.വൈ.എഫ്.ഐയെക്കൊണ്ട് ഏറ്റെടുപ്പിച്ച് ജനകീയ പ്രക്ഷോഭമാക്കിമാറ്റിയാണ് സിപിഎം മുന്നോട്ട് പോയിരുന്നത്. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും വലിയൊരു നിരയെതന്നെ സി.പി.എമ്മിന്റെ കുടക്കീഴില്‍ അണിനിരത്താന്‍ ഇതുവഴി കഴിഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് വഴിപാട് സമരങ്ങള്‍ മാത്രം നടത്തുന്ന സംഘടനയായി എസ്.എഫ്.ഐ മാറിക്കഴിഞ്ഞു. പാഠപുസ്തകം സമയത്ത് അച്ചടിക്കാതെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയില്ലാക്കിയ അബ്ദുറബ്ബിനെതിരെ ചെറുവിരലനക്കാന്‍പോലും ഇതുവരെ എസ്.എഫ്.ഐക്കു കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാഠപുസ്തകങ്ങളില്ലാതെ കുട്ടികള്‍ പരീക്ഷ എഴുതേണ്ട സാഹചര്യം വന്നിരിക്കുന്നത്. മന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താതെ പാഠപുസ്തകങ്ങളുടെ പ്രിന്റെടുത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളുടേതിനു സമാനമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ എസ്.എഫ്.ഐ നടത്തുന്നത്.

എസ്.എഫ്.ഐ സമരസംഘടനയില്‍ നിന്നും ബാലസംഘമായി അധപതിച്ചതിനു പിന്നില്‍ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ ഇടപെടലുമുണ്ട്. വി.എസ് ആഭിമുഖ്യം ആരോപിച്ച് കഴിവുറ്റ വിദ്യാര്‍ത്ഥിയുവനേതാക്കളെ തഴഞ്ഞപ്പോള്‍ പകരമെത്തിയത് പരിചയസമ്പത്തും കഴിവുമില്ലാത്ത നിരയാണ്. ഇതാണ് ശക്തമായ സമരം നടത്താനാവാതെ എസ്.എഫ്.ഐയെ തകര്‍ക്കുന്നത്.

Top