എസ്എന്‍ഡിപി യോഗത്തെ പിളര്‍ത്താന്‍ സിപിഎം;ബിജെപി കൂട്ടുകെട്ട് ആയുധമാക്കും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ്-ബി.ജെ.പി പാളയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിനെതിരെ ശ്രീനാരായണ ധര്‍മ്മവേദിയെ രംഗത്തിറക്കി പ്രതിരോധിക്കാന്‍ സി.പി.എം നീക്കം.

എസ്.എന്‍.ഡി.പി യോഗത്തിലെ വെള്ളാപ്പള്ളിയുടെ കച്ചവട താല്‍പര്യവും കുടുംബവാഴ്ചയും ഉയര്‍ത്തിക്കാട്ടി അണികളെ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മ്മ വേദിയിലേക്ക് ആകര്‍ഷിപ്പിക്കാനാണ്‌ ആദ്യ പദ്ധതി.

ഇതോടൊപ്പം തന്നെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കത്തിനെതിരെ സംഘടനക്കുള്ളില്‍ പ്രതിഷേധമുള്ളവരെ സംഘടിപ്പിച്ച് ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കും.

ഇക്കാര്യത്തില്‍ രഹസ്യമായി തങ്ങളുടെ സംഘടനാ സംവിധാനവും സി.പി.എം ഉപയോഗിക്കുമെന്നാണ് സൂചന. ധാരാളം സി.പി.എം അനുഭാവികള്‍ എസ്.എന്‍.ഡി.പി യോഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും ബി.ജെ.പി -ആര്‍.എസ്.എസ് കൂട്ട് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

വെള്ളാപ്പള്ളി പറയുന്നത് കേട്ട് ആരും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് ധര്‍മ്മവേദി നേതാവ് ഗോകുലം ഗോപാലന്‍ രംഗത്ത് വന്നതിന് പിന്നില്‍ സി.പി.എം ഇടപെടലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമടക്കമുള്ള ഉന്നത നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് ഗോകുലം ഗോപാലനുള്ളത്.

എസ്.എന്‍.ഡി.പി ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയാണെന്നും ഒരു സെക്രട്ടറി വന്ന് തെറ്റായ ദിശയില്‍ നയിച്ചിട്ടുണ്ടെങ്കില്‍ അത് ശ്രീനാരായണീയരെ ബാധിക്കില്ലെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി നീച പ്രവര്‍ത്തിയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നുമാണ് ഗോകുലം ഗോപാലന്‍ തുറന്നടിച്ചിരുന്നത്.

18 വര്‍ഷത്തോളമായി വെള്ളാപ്പള്ളി കുടുംബത്തിനു വേണ്ടി സംഘടനയെ ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്.എന്‍.ഡി.പി യോഗത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തുന്ന ശ്രമം പുതിയ സാഹചര്യത്തില്‍ ഫലം കാണുമെന്ന് തന്നെയാണ് ശ്രീനാരായണ ധര്‍മ്മവേദിയുടെ പ്രതീക്ഷ.

എസ്.എന്‍.ഡി.പി യോഗത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് വിരുദ്ധരായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ അനുഭാവികളുടെയും പിന്‍തുണ ധര്‍മ്മവേദിയുടെ പുതിയ നീക്കത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

സി.പി.എം നേതൃത്വത്തിന് പുറമെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനടക്കമുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗവും അപകടകരമായ വെള്ളാപ്പള്ളിയുടെ പുതിയ നീക്കത്തില്‍ ആശങ്കാകുലരാണ്.

എന്നാല്‍ വെള്ളാപ്പള്ളിയുടെ നീക്കം ആത്യന്തികമായി യു.ഡി.എഫിന് ഭരണ തുടര്‍ച്ചക്ക് വഴി ഒരുക്കുമെന്നതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിലെ ‘എ’ വിഭാഗവും വളരെ സന്തോഷത്തിലുമാണ്.

ഉമ്മന്‍ചാണ്ടിയെ ‘സഹായിക്കാന്‍’ കൂടി ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മൗനം.

ചെമ്പടയുടെ കരുത്തില്‍ എസ്.എന്‍.ഡി.പിയില്‍ ഭിന്നിപ്പുണ്ടാക്കി വെള്ളാപ്പള്ളിയെയും സംഘത്തെയും പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കം ഫലം കാണുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.

Top