എസ്.എന്‍.ഡി.പി – ബി.ജെ.പി സഖ്യത്തെ ചെറുക്കാന്‍ സി.പി.എമ്മിന്റെ കര്‍മ്മപദ്ധതി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ സി.പി.എം തന്ത്രപരമായ നീക്കത്തിന്.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എന്നതിലുപരി പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികളെ ആയിരിക്കണം കണ്ടെത്തേണ്ടതെന്നാണ് സി.പി.എം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കളെ നിരുത്സാഹപ്പെടുത്താനും വിജയസാധ്യത മാത്രം നോക്കി വിട്ടുവീഴ്ച ചെയ്യാനുമാണ് നിര്‍ദ്ദേശം. പൊതു സമ്മതരായ സ്വതന്ത്രര്‍, വിജയസാധ്യതയുള്ള മറ്റ് പാര്‍ട്ടികളിലെ വിമതര്‍ എന്നിവരെയും പരിഗണിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പായതിനാല്‍ നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ സി.പി.എം നേതൃത്വം കാണുന്നത്.

ആര്‍.എസ്.എസ്-ബി.ജെ.പി സംഘടനകളുമായി കൂട്ട് കൂടുന്ന എസ്.എന്‍.ഡി.പിയോഗ നേതൃത്വത്തിന്റെ കച്ചവട താല്‍പര്യം തുറന്ന് കാട്ടാന്‍ പ്രത്യേക ഗൃഹസമ്പര്‍ക്കപരിപാടി ഈഴവ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തും.

ജാതി-മത-വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ കമ്യൂണിസ്റ്റുകാരുടെ ചെറുത്ത് നില്‍പ്പ് കൊണ്ട് മാത്രമാണ് കേരളത്തില്‍ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെടാത്തതെന്ന യാഥാര്‍ഥ്യം പുതു തലമുറയെകൂടി ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ വിപുലമായ പരിപാടികളാണ് സി.പി.എം പ്ലാന്‍ ചെയ്യുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നിലപാടുകളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും.

അശാസ്ത്രീയമായ വിഭജനം ഭാഗികമായെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തതത് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഭിന്നതയിലേക്ക് പോകാതെ പരിഹരിക്കാനും ഇടത് മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഘടകകക്ഷി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും സി.പി.എം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ജാഗ്രതക്കുറവുകൊണ്ട് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകളില്‍ പരാജയപ്പെട്ടത് മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ട് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടാത്ത രൂപത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് സി.പി.എം പദ്ധതി.

Top