എസ്.എന്‍.ഡി.പിയെ നിയന്ത്രിക്കാന്‍ ആരും വരേണ്ടെന്ന് വെള്ളാപ്പള്ളി

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തെ നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വരേണ്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക പൊതുയോഗം കൊല്ലം ശ്രീനാരായണ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എസ്.എന്‍.ഡി.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പോഷക സംഘടനയല്ല. ബി.ജെ.പിക്ക് മാത്രമല്ല വര്‍ഗീയതയുള്ളത്. സി.പി.എമ്മിനുമുണ്ട്. എന്‍.എസ്.എസിന്റെ മഹത്വം പറഞ്ഞ് എസ്.എന്‍.ഡി.പിയെ അവഹേളിക്കുന്ന സി.പി.എം ചരിത്രം മറക്കരുത്. എസ്.എന്‍.ഡി.പി ഉള്ളതു പറയുന്‌പോള്‍ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുന്നവരോട് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ എസ്.എന്‍.ഡി.പി മടിക്കാറില്ല. അതിനുവേണ്ടി തന്നെയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ടത്. എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കാലം തൂത്തെറിയും. യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയെ വിരട്ടി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top