തലസ്ഥാനത്ത് എസ്.എഫ്‌.ഐ മാര്‍ച്ചില്‍ സംഘര്‍ഷം;പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

നിയമസഭയിലേയ്ക്കുള്ള എസ്എഫ്‌ഐ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. മാര്‍ച്ച് എത്തുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ പോലീസിനെതിരേ രൂക്ഷമായ കല്ലേറ് തുടങ്ങി. ഇതേതുടര്‍ന്ന് പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ വിദ്യാര്‍ഥികള്‍ തയാറാകാതിരുന്നതിനാല്‍ കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്തേയ്ക്ക് ചിതറിയോടി പോലീസിന് നേരെ കല്ലേറ് നടത്തി. ആക്രമണം രൂക്ഷമായതോടെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു.

കോടിയേരിയുടെ നേതൃത്വത്തില്‍ ഇ.പി ജയരാജന്‍, വി ശിവന്‍കുട്ടി, ടി.വി രാജേഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ വി.ശിവന്‍കുട്ടി എംഎല്‍എയ്ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തെ തുടര്‍ന്ന് പാളയത്ത് പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. വഴിയാത്രക്കാരും വാഹനങ്ങളും റോഡില്‍ കുടുങ്ങി. എസ്എഫ്‌ഐ മാര്‍ച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

Top