എസ്എഫ്‌ഐയുടെ അപചയം മുതലെടുത്ത് മാവോയിസ്റ്റുകള്‍; ജാഗ്രതയ്ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി:കേരളം ഉള്‍പ്പെടെ എസ്എഫ്‌ഐയ്ക്ക് സ്വാധീനമുള്ള ക്യാമ്പസുകളില്‍ സംഘടനയുടെ തളര്‍ച്ച മുതലെടുത്ത് മാവോയിസ്റ്റ് സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നതായി കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും താമസിക്കുന്ന മറ്റുസ്ഥലങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അടിക്കടി സന്ദര്‍ശനം നടത്തുന്നതായും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നതായും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം ഇപ്പോള്‍ കേന്ദ്രം നല്‍കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായി മാവോയിസ്റ്റുകള്‍ തന്നെ വ്യക്തമാക്കിയതിനുള്ള സ്ഥിരീകരണം കൂടിയാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന് സമാനമായി സംഘടനാപരമായി എസ്എഫ്‌ഐയ്ക്ക് സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.

ചെറുപ്പക്കാരായ യുവതി-യുവാക്കളെ സംഘടനയിലേക്കാകര്‍ഷിക്കുന്നതിന് വേണ്ടിയാണ് കോളേജ് – സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് നിഗമനം.

സംഘടനാപരമായി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് എസ്എഫ്‌ഐ നേരിടുന്ന ‘അപചയം’മുതലെടുക്കാനാണ് മാവോയിസ്റ്റ് നീക്കമെന്നും പറയപ്പെടുന്നു. സിപിഎം വിഭാഗീയത വിദ്യാര്‍ത്ഥി – യുവജന സംഘടനകളിലേക്ക് പടര്‍ന്നത് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ സംഘടനകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

വലിയ ഒരുവിഭാഗം നേതൃത്വം സംഘടനയ്ക്കകത്ത് നിന്ന് പുറത്തായതും പ്രക്ഷോഭ സമരങ്ങളില്‍ കാലിടറുന്നതും ഈ സംഘടനകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. വിപ്ലവ സംഘടനകളുടെ ഈ പ്രതിസന്ധി മുതലെടുക്കുന്നതിന് വേണ്ടിയാണ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാവോയിസ്റ്റുകള്‍ തയ്യാറാകുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളും സംശയിക്കുന്നത്.

ഇടത് ചിന്താഗതിക്കാര്‍ക്ക് വളക്കൂറുള്ള മണ്ണില്‍ അത്തരക്കാരെ തീവ്രചിന്താഗതിക്കാരാക്കി മാറ്റുന്നതിനുവേണ്ടിയാണ് കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണവും,വയനാട്ടിലെ റിസോര്‍ട്ട് ആക്രമണവും മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ചതെന്ന വിലയിരുത്തലിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍.

ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനാണ് ‘ബുദ്ധിജീവികളുടെ’ കേന്ദ്രമായ സര്‍വകലാശാലകളിലെ ഇടപെടല്‍വഴി മാവോയിസ്റ്റുകള്‍ ലക്ഷ്യം വെയ്ക്കുന്നതത്രെ. കേന്ദ്ര റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top