എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളിയുടെ കുടുംബം ഹൈജാക്ക് ചെയ്യുന്നു; സിപിഎം

തിരുവനന്തപുരം: വെള്ളാപ്പള്ളിയും കുടുംബവും എസ്എന്‍ഡിപി യോഗത്തെ ഹൈജാക്ക് ചെയ്ത് ഹിന്ദുവര്‍ഗ്ഗീയതയുടെ ഭാഗമാക്കുന്നതിനെതിരെ ശക്തമായ പ്രചാരണം ആരംഭിക്കാന്‍ സിപിഎം തീരുമാനം.

എസ്എന്‍ഡിപി യോഗത്തിലെ സമ്പന്ന വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന വെള്ളാപ്പള്ളിയുടെ പൊയ്മുഖം തുറന്നുകാട്ടാനും പാവപ്പെട്ട ശ്രീനാരായണീയരെ കൂടെ നിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും സിപിഎം കീഴ്ഘടങ്ങളോട് ആവശ്യപ്പെട്ടു.

സമുദായത്തെ സാമ്പത്തിക താല്‍പര്യത്തിനായി കച്ചവടം ചെയ്ത വെള്ളാപ്പള്ളി ഇപ്പോള്‍ മുഖ്യമന്ത്രിമോഹവുമായി സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

വെള്ളാപ്പള്ളിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംസ്ഥാനവ്യാപകമായി പ്രചരണമാക്കാനും അതോടൊപ്പം എസ്എന്‍ഡിപി യോഗത്തിന്റെ കീഴ്ഘടകങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് തീരുമാനം.

എസ്എന്‍ഡിപി യോഗത്തിന്റെ ശാഖാതലം മുതലുള്ള ഘടകങ്ങളില്‍ പാര്‍ട്ടി അനുഭാവികളെ മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയുടെ നീക്കത്തെ ചോദ്യം ചെയ്യും.

എസ്എന്‍ ട്രസ്റ്റ് നിയമനങ്ങളില്‍ നടത്തിയ കോഴക്കണക്ക് വലിയ ആയുധമാക്കാനും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് എസ്എന്‍ഡിപി യോഗത്തിലെ വിമത വിഭാഗത്തിന് പിന്തുണ നല്‍കാനും സിപിഎം നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്.

പ്രധാനമന്ത്രിയെ കണ്ടത് നടേശന്റെ കുടുംബമാണെന്നു പറഞ്ഞ് പരിഹസിച്ച് രംഗത്തുവന്ന കോടിയേരി ബാലകൃഷ്ണന്‍ ലക്ഷ്യമിടുന്നത് എസ്എന്‍ഡിപി യോഗത്തില്‍ വിള്ളലുണ്ടാക്കുക എന്നതാണ്.

വെള്ളാപ്പള്ളിക്ക് സമുദായത്തിന്റെ നേട്ടമല്ല ലക്ഷ്യമെന്ന് ആരോപിച്ച് വീണ്ടും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്ന വിഎസ് അച്യുതാനന്ദന്‍ ബിജെപിയെ പിന്തുണക്കുന്ന രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്ന് വ്യക്തമാക്കി.

Top