വെള്ളാപ്പള്ളിയെ ‘മുന്‍നിര്‍ത്തി’ സുധീരന്റെ കരുനീക്കം; തന്ത്രം പിഴച്ചത് മുഖ്യമന്ത്രിയുടെ

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗ- ബിജെപി കൂട്ടുകെട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്നാലെ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്ത് വന്നത് വെള്ളാപ്പള്ളി നടേശനെ പ്രതിരോധത്തിലാക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരായ വി.എം സുധീരന്റെ കടുത്ത നിലപാട് ഇരു നേതാക്കള്‍ക്കും കനത്ത പ്രഹരമാണ്.

ആര്‍എസ് എസിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ആശയങ്ങള്‍ പുലബന്ധം പോലുമില്ലാത്തതാണെന്നും ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി യോഗം ആര്‍എസ്എസിന്റെ കാവല്‍ക്കാരാവുകയാണെന്നുമാണ് സുധീരന്‍ തുറന്നടിച്ചത്.

ഇതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സുധീരന്റെ കടുത്ത നിലപാട് പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേതൃസ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ഭരണ തുടര്‍ച്ച ഉറപ്പ് വരുത്തി മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുമുള്ള ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കരുനീക്കങ്ങള്‍ക്ക് തടയിടാന്‍ കൂടിയായാണ് സുധീരന്റെ പ്രസ്താവനയെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയം നേരിട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃരംഗത്ത് നിന്ന് മാറേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി അരുവിക്കര മോഡല്‍ പരീക്ഷണമാണ് എസ്എന്‍ഡിപിയെ മുന്‍നിര്‍ത്തി നടത്തിയിരുന്നത്.

നേരത്തെ വെള്ളാപ്പള്ളി നടേശനും ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

രമേശ് ചെന്നിത്തലയാകട്ടെ ആലപ്പുഴയില്‍ നിന്നും ജയിച്ച് കയറാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പിന്‍തുണ പ്രതീക്ഷിക്കുന്നുമുണ്ട്.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയി മാത്യുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റാത്ത നടപടിയാണ് കെപിസിസി പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.

വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനെയും ഒപ്പംകൂട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയോട് പരാതി പറഞ്ഞതും കെപിസിസി പ്രസിഡന്റ് പദവിയെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുധീരന്‍ പക്ഷം കാണുന്നത്.

അതുകൊണ്ടുതന്നെയാണ് ഇരുനേതാക്കളുടെയും ‘അണിയറ പദ്ധതികള്‍’ പൊളിച്ചടുക്കാന്‍ വി.എം സുധീരന്‍ തന്നെ തന്ത്രപൂര്‍വ്വം രംഗത്തിറങ്ങിയത്.

ആര്‍എസ്എസ് -വെള്ളാപ്പള്ളി കൂട്ടുകെട്ടിനെതിരെ രംഗത്ത് വരുന്നത് വഴി പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഘടകകക്ഷികളുടെയും പിന്‍തുണയാണ് സുധീരന്‍ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ച നല്ലൊരു വിഭാഗം നേതാക്കളുടെയും മാനസിക പിന്‍തുണയും ഇക്കാര്യത്തില്‍ സുധീരനൊപ്പമാണ്.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ കാര്യത്തിലെടുത്ത നിലപാട് മുഖ്യമന്ത്രിപദം നോട്ടമിടുന്ന രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായക്ക് തന്നെ കോട്ടമായതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ നേതൃസ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറേണ്ടി വരുമെന്നതും സുധീരപക്ഷത്തേക്ക് ചായാന്‍ ഗ്രൂപ്പ് നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

പുന:സംഘടനക്ക് പാരവെച്ച ഗ്രൂപ്പ് മാനേജര്‍മാര്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കി വി.എം സുധീരന്‍ നടത്തുന്ന ഇടപെടലുകളില്‍ ഇപ്പോള്‍ പകച്ച് നില്‍ക്കുകയാണ്.

സുധീരനെതിരെ പരാമര്‍ശങ്ങളുമായി ഇനി വെള്ളാപ്പള്ളി വന്നാല്‍ കോണ്‍ഗ്രസ് വക്താക്കള്‍ വെള്ളാപ്പള്ളിക്ക് ചുട്ട മറുപടികൊടുക്കേണ്ടി വരുമെന്നതും ഇത് വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തെ ബാധിക്കുമോയെന്ന ഭയവും ‘ഇഷ്ടക്കാര്‍ക്കിടയിലുണ്ട്.’

അതേസമയം എസ്എന്‍ഡിപി യോഗ-ബിജെപി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിക്കുന്ന സിപിഎമ്മിന് കെപിസിസി പ്രസിഡന്റിന്റെ നിലപാട് അനുഗ്രഹമായിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ ‘കച്ചവട കണ്ണ്’ ജനമധ്യത്തില്‍ തുറന്ന് കാട്ടാന്‍ സുധീരന്റെ നിലപാടും ഒരുപരിധിവരെ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

Top