വെള്ളാപ്പള്ളിയെ തകര്‍ക്കാനുറച്ച് സിപിഎം; കാന്തപുരവുമായും കൂട്ട് വേണ്ടെന്ന് അഭിപ്രായം

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.പി. വിഭാഗം സുന്നികളുമായി ധാരണയുണ്ടാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയരുന്നു.

ഒരു മതനേതാവിന്റെയും തിണ്ണനിരങ്ങാന്‍ സി.പി.എമ്മിനെ കിട്ടില്ലെന്ന പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നിലപാടിനൊപ്പമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളിലെയും അണികളിലെയും ഭൂരിപക്ഷം.

എ.പി.വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെയും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെയും അനുനയിപ്പിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ശ്രമങ്ങള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വത്തെ കൂട്ടുപിടിച്ച് ‘ഹിഡന്‍’ അജണ്ട നടപ്പാക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ കടുത്ത നിലപാടുമായാണ് പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളെ ആറായി തിരിച്ചാണ് പിണറായി ആക്രമിച്ചത്.

”സവര്‍ണ്ണ വര്‍ഗ്ഗീയ അപസ്മാരം പടര്‍ത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവില്‍ കത്തിയമര്‍ന്നവരുടെ ചിത്രം ഓര്‍മ്മിപ്പിച്ച പിണറായി, പിന്നോക്ക വിരുദ്ധ ജാതീയതയുടെ തീ പടര്‍ത്തിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകളുള്ള ബി.ജെ.പിയുമായി എങ്ങനെ വെള്ളാപ്പള്ളിക്ക് കൈ കോര്‍ക്കാനാവുമെന്ന് ചോദിച്ചിരുന്നു.

ആര്‍.എസ്.എസുമായി ഒത്തുനില്‍ക്കാന്‍ എസ്.എന്‍.ഡി.പിയിലെ ചില നേതാക്കള്‍ തയ്യാറാകുന്നത് സമുദായ താല്‍പ്പര്യത്തിനല്ല, സ്വന്തം സാമ്പത്തിക സ്ഥാനമാന താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പിണറായിയുടെ ആരോപണം.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി വളരെ അടുത്ത ബന്ധം വെള്ളാപ്പള്ളിയുടെ മകനും എസ്.എന്‍.ഡി.പി യോഗം നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിക്കുള്ളതിനാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ വിമര്‍ശനത്തിന്റെ ശക്തി പോരെന്ന് സി.പി.എം. അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായം ശക്തമായിരിക്കെയാണ് വെള്ളാപ്പള്ളിക്കും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് പിണറായി രംഗപ്രവേശം ചെയ്തത്.

കര്‍ക്കിടക ചികിത്സയുടെ ഭാഗമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിശ്രമത്തിലായതിനാല്‍ പിണറായിയുടെ പ്രതികരണം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിനിടയിലും അദ്ദേഹത്തിന് വലിയ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്.

സാധാരണ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പ്രസ്താവനയുമായി ചാടിയിറങ്ങി എതിരാളികളെ ആദ്യം ആക്രമിക്കാറ് വി.എസ്. അച്യുതാനന്ദനാണ്.

കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.കെ. വാര്യരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോട്ടക്കലില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് വി.എസിനെ ചികിത്സിക്കുന്നത്. നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന കര്‍ക്കിടക ചികിത്സ എന്ത് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായാലും വി.എസ്. മുടക്കാറില്ല.

കന്റോണ്‍മെന്റ് ഹൗസില്‍ തന്നെയാണ് ചികിത്സ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെ റെഡ് സിഗ്നലാണ്.

ഈ മാസം പകുതിയോടെ മാത്രമേ ചികിത്സ പൂര്‍ണ്ണമാകുകയുള്ളു. ഇതിനുശേഷമായിരിക്കും വി.എസിന്റെ വിശദമായ പ്രതികരണമെന്നാണ് സൂചന.

വി.എസ്. – പിണറായി ചേരിപ്പോരില്‍ എന്നും വില്ലന്‍ റോളില്‍ മാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന പിണറായി വിജയന്‍, ആര്‍.എസ്.എസ് – വെള്ളാപ്പള്ളി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ചതിന് ഇത്രയധികം പിന്‍തുണ ലഭിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വെള്ളാപ്പള്ളിയുടെ അഹങ്കാരത്തിന് അറുതി വരുത്താന്‍ വേണ്ടിവന്നാല്‍ എസ്.എന്‍.ഡി.പി യോഗം ‘പൊളിച്ചടുക്കുമെന്നാണ്’ സി.പി.എം അണികളുടെ മുന്നറിയിപ്പ്.

എല്ലാ ജാതി-മത സംഘടനകളെയും തുല്യ അകലത്തില്‍ നിര്‍ത്തി പ്രചാരണം ശക്തമാക്കി നിഷ്പക്ഷ ജനങ്ങളുടെ പിന്‍തുണ ഉറപ്പുവരുത്താനാണ് പിണറായി അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വരുമെന്ന് ഉറപ്പായിരിക്കെ യു.ഡി.എഫിന് ഭരണ തുടര്‍ച്ച ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ കാര്യം പരുങ്ങലിലാവുമെന്ന തിരിച്ചറിവ് വെള്ളാപ്പള്ളിക്കും ഉണ്ടെന്നാണ് സൂചന.

സി.പി.എമ്മിനെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നും സഹകരണമാവാമെന്നും പറഞ്ഞ് ഇപ്പോള്‍ വെള്ളാപ്പള്ളി വീണ്ടും വരുന്നത് കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുമെന്ന് ഭയന്നിട്ടാണെന്നാണ് എസ്.എന്‍.ഡി.പി യോഗത്തിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ബി.ജെ.പി – എസ്.എന്‍.ഡി.പി യോഗ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ സംഘടന പിളരുമെന്നും ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും അനുഭാവികളും ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സി.പി.എം. നേതൃത്വം

Top