എസ്എന്‍ഡിപി യോഗം അജയ്യ ശക്തിയായി വളരുകയാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം കേരളത്തില്‍ അജയ്യ ശക്തിയായി മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സര്‍വ്വ നാശത്തിലേക്കാണ് പോകുന്നത്.ഇവരുടെ തളര്‍ച്ചയാണ് ബിജെപിയെ വളര്‍ത്തുന്നത്, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗത്തിന് ആരോടും വിധേയത്വമില്ല, വിരോധവുമില്ല. എല്ലാവരുമായി സന്തോഷമേയുള്ളൂ. ആരുമായും ചേരുന്നതിനും വിയോജിപ്പില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നല്ലതാണ്. പാര്‍ട്ടി നയിക്കുന്നവരോടെ എതിര്‍പ്പുള്ളൂ. കണ്ണൂര്‍ ലോബിയുടെ നേതൃത്വമാണ് സിപിഎമ്മിനെ പിന്നോട്ടടിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരെങ്കിലും എഴുതിക്കൊടുത്തതാണ് വായിക്കുന്നത്. ഗുരുവിനെ കുരിശില്‍ കേറ്റിയവരാണ് അവര്‍. സിപിഎം ഗുരുവിനെക്കുറിച്ച് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളാപ്പള്ളി സൂചിപ്പിച്ചു.

കേരളത്തില്‍ ബിജെപി ശക്തമായി വളരുകയാണ്. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ജനസ്വാധീനം നഷ്ടപ്പെട്ടും തുടങ്ങി. അതു കാണാനും മനസ്സിലാക്കാനം കഴിയണം. ഗുരുവിനെ കുരിശില്‍ തറച്ചതു സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്തി തെറ്റുതിരുത്താന്‍ ശ്രമിക്കുന്നതിനു പകരം ആ തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ന്യായം കണ്ടെത്തി സ്ഥാപിക്കാന്‍ ശ്രമിച്ചു. കേരള ജനത അതു വികാരമായി കണ്ടു. സിപിഎം ഒരിക്കലും തെറ്റ് അംഗീകരിക്കുന്നവരല്ല. കൊല്ലങ്ങള്‍ കഴിഞ്ഞാണ് അവര്‍ തെറ്റ് അംഗീകരിക്കുന്നത്. അപ്പോഴേക്കും കാലം കഴിഞ്ഞുപോകും.

ബിജെപിയോട് അടുത്താല്‍ എസ്എന്‍ഡിപി യോഗത്തില്‍ പിളര്‍പ്പുണ്ടാകുമെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. യോഗത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. വിമര്‍ശിക്കാം. പക്ഷേ യോഗത്തില്‍ പിളര്‍പ്പുമുണ്ടാകില്ല. സിപിഎം ഗുരുസന്ദേശം പ്രചരിപ്പിക്കാനുള്ള യോഗങ്ങള്‍ നടത്തുന്നത് ഗുരുദേവനെ കുരിശില്‍ തറച്ചതിനുള്ള മാപ്പുപറച്ചിലായിട്ടാണ്.

എസ്എന്‍ഡിപി വോട്ട് കൊടുത്തിട്ടാണോ ബിജെപി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മോഹഭംഗം വന്ന പലര്‍ക്കും പലതും പറയാനുണ്ടാകും. അതേസമയം, കൂടുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വെള്ളാപ്പള്ളി വിസമ്മതിച്ചു. ന്യൂനപക്ഷ പ്രീണനം സിപിഎമ്മും കോണ്‍ഗ്രസും നടത്തി. പലതവണ ഭൂരിപക്ഷ സമുദായം ഇതു അവരെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ പരിഗണിച്ചില്ല, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി രൂപീകരണത്തിനായി എസ്എന്‍ഡിപി പ്രമുഖരുടെ യോഗം വിളിച്ചു. അഡ്വ. ജയശങ്കര്‍, കെ വേണു തുടങ്ങിയവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Top