എസ്എന്‍ഡിപി മൈക്രോഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ്; ജപ്തി ഭീഷണിയില്‍ 200 ഓളം കുടുംബങ്ങള്‍

തൃശൂര്‍: തൃശൂരില്‍ എസ്എന്‍ഡിപി നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ വഴി വായ്പയെടുത്ത വനിതാ സ്വാശ്രയസംഘങ്ങള്‍ വായ്പ തുക തിരിച്ചടച്ചിട്ടും ജപ്തി ഭീഷണിയില്‍. അരക്കോടിയിലധികം രൂപയുടെ കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ധനലക്ഷ്മി ബാങ്കാണ് സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് ജപ്തി നോട്ടീസയച്ചത്. യൂണിയന് നല്‍കിയ തുക ബാങ്കിലടയ്ക്കാതെ വെട്ടിച്ച കേസില്‍ എസ്എന്‍ഡിപി ഭാരവാഹികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍ വലക്കാവ് പൊങ്ങാണാംമൂലയിലെ ഗുരുപ്രസാദം വനിത സ്വാശ്രയസംഘം കണ്‍വീനറായ കോമളവല്ലിയുടെ നേതൃത്വത്തിലുള്ള 14 സ്ത്രീകള്‍ എസ്എന്‍ഡിപി മണ്ണുത്തി യൂണിയന്‍ മൈക്രോഫിനാന്‍സ് മുഖേനെയാണ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ തുക മുഴുവന്‍ പലിശ സഹിതം ഇവര്‍ യൂണിയന്‍ വഴി തിരിച്ചടച്ചു. അപ്പോഴാണ് കുടിശ്ശികയുള്ള 15 ലക്ഷം രൂപ അടക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന ബാങ്ക് നോട്ടീസെത്തിയത്.

റിക്കവറി നടപടികളുടെ തുടക്കമെന്ന നിലയില്‍ ഇവര്‍ക്ക് വീണ്ടും ഒരു നോട്ടീസ് കൂടി ലഭിച്ചതോടെ തട്ടിപ്പിനിരകളായവര്‍ ആശങ്കയിലാണ്. ഇത്തരത്തില്‍ 15 സ്വാശ്രയ വനിത സംഘങ്ങളാണ് മണ്ണുത്തി യൂണിയന് കീഴില്‍തട്ടിപ്പിനിരകളായിട്ടുള്ളത്. യൂണിയന് തിരിച്ചടവായി ലഭിച്ച തുക ബാങ്കിലടക്കാതെ ഒന്നേകാല്‍ കോടിയോളം രൂപ മുന്‍ യൂണിയന്‍ സെക്രട്ടറിയും ഏതാനും ജീവനക്കാരും ചേര്‍ന്ന് തട്ടിയതയാണ് ഇവരുടെ പരാതി.

അന്വേഷണത്തിനൊടുവില്‍ മണ്ണുത്തി എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പവിത്രന്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിലുള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ഒല്ലൂര്‍ സിഐ ഉമേഷ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നോട്ടുവന്ന നിലവിലെ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍ ജപ്തി ഭീഷണയുടെ പശ്ചാതലത്തില്‍ മുഖം തിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Top