യെച്ചൂരിയെ ഒഴിവാക്കി രാമചന്ദ്രന്‍ പിള്ളയെ സിപിഎം ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഈ മാസം 14 മുതല്‍ 19വരെ വിജയവാഡയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി എസ് രാമചന്ദ്രന്‍ പിള്ളയെ അവരോധിക്കാന്‍ അണിയറയില്‍ നീക്കം.

സിപിഎം കേരള ഘടകം മുന്‍കൈ എടുത്ത് നടത്തുന്ന നീക്കത്തിന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പിന്‍തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനേക്കാള്‍ മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ള നേതൃസ്ഥാനത്ത് വരുന്നതിനോടാണ് കേരള നേതാക്കള്‍ക്ക് താല്‍പര്യം.

89 അംഗ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പ്രതിനിധീകരിക്കുന്നത് 14 പേരാണ്. പോളിറ്റ് ബ്യൂറോയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവരുമുണ്ട്.

മലയാളി ആണെങ്കിലും ദീര്‍ഘകാലമായി പാര്‍ട്ടി സെന്ററിലാണ് രാമചന്ദ്രന്‍ പിള്ള പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തീരുനമാനിക്കുക.

സ്വാഭാവികമായും സീതാറാം യെച്ചൂരി പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ഇതുവരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വിവരം. ദേശീയ രാഷ്ട്രീയത്തില്‍ സുപരിചിതനായ സീതാറാം യെച്ചൂരിയാണ് പ്രതിസന്ധി ഘട്ടത്തില്‍ സിപിഎമ്മിനെ നയിക്കാന്‍ പര്യാപ്തനെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. സിപിഎം അണികളില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നതും യെച്ചൂരിയുടെ നേതൃത്വമാണ്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ വി.എസ് അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെട്ട സംസ്ഥാന ഘടകം സീതീറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായാല്‍ വി.എസിനോടുള്ള സമീപനം മാറ്റുമെന്ന ആശങ്കയിലാണ്.

വി.എസിന്റെ അച്ചടക്ക ലംഘനം പരിശോധിക്കാന്‍ നിയോഗിച്ച പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമെ പുറത്ത് വരൂ എന്നതും സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.

ജനറല്‍ സെക്രട്ടറിക്ക് വേണ്ടി വന്നാല്‍ സംസ്ഥാന ഘടകത്തിന്റെ അച്ചടക്ക ലംഘനം കൂടി പരിശോധിക്കാനും പി.ബി കമ്മീഷനോട് ആവശ്യപ്പെടാമെന്നതും നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്. ഇപ്പോള്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത നേതൃമാറ്റത്തോടെ നഷ്ടപ്പെടാനുള്ള സാധ്യതയും കേരള ഘടകം പ്രതീക്ഷിക്കുന്നുണ്ട്.

ഇതെല്ലാം മുന്‍നിര്‍ത്തിയാണ് രാമചന്ദ്രന്‍പിള്ളയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ഔദ്യോഗിക നേതൃത്വം തയ്യാറെടുക്കുന്നത്. ബദല്‍ കത്തുമായി ബന്ധപ്പെട്ട് യെച്ചൂരിയുമായി ഉടക്കിലായ പ്രകാശ് കാരാട്ടിന്റെ പിന്‍തുണ തങ്ങള്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയും ഈ വിഭാഗത്തിനുണ്ട്.

അതേസമയം സിപിഎം ബംഗാള്‍, തൃപുര, തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാന ഘടകങ്ങളുടെ പിന്‍തുണയുള്ള യെച്ചൂരിയെ വെട്ടി നിരത്താന്‍ അത്ര പെട്ടെന്ന് കഴിയില്ലെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കേന്ദ്ര നേതൃത്വത്തിലും പൊട്ടിത്തെറിയുണ്ടാകും.

പാര്‍ട്ടി സമ്മേളന പ്രതിനിധികളുടെ എണ്ണത്തില്‍ കേരള ഘടകം ശക്തമാണെങ്കിലും മറ്റ് സംസ്ഥാന ഘടകങ്ങളുടെയും ഭൂരിപക്ഷ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും പിന്‍തുണയില്ലാതെ രാമചന്ദ്രന്‍പിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പ്രകാശ് കാരാട്ട് അടക്കമുള്ള ചില കേന്ദ്ര നേതാക്കളുടെ പിന്‍തുണ സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യം നോക്കി തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് പദ്ധതി.

പ്രായം ഘടകമാക്കി വി.എസിനെയും പാലൊളി മുഹമ്മദ് കുട്ടിയെയും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കും. പാലൊളിക്ക് പകരം മുസ്ലീം പ്രതിനിധിയായി എളമരം കരീമിന്റെ പേരാണ് നിര്‍ദേശിക്കുക.

പി.കെ ഗുരുദാസനെയും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ എം.വി ഗോവിന്ദനെയാണ് പരിഗണിക്കുക.
വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ പ്രത്യേക ക്ഷണിതാവാക്കണമെന്ന നിര്‍ദേശം യെച്ചൂരി അടക്കമുള്ളവര്‍ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. എന്നാല്‍ ഈ നിര്‍ദേശവും കേരള ഘടകം അംഗീകരിക്കില്ല.

2012 ഏപ്രിലില്‍ കോഴിക്കോട് ചേര്‍ന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ 89 അംഗ കേന്ദ്ര കമ്മിറ്റിയെ കൂടാതെ നാല് പ്രത്യേക ക്ഷണിതാക്കളെയും രണ്ട് സ്ഥിരം ക്ഷണിതാക്കളെയും തെരഞ്ഞെടുത്തിരുന്നു.

ക്ഷണിതാവായി പോലും വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന അഭിപ്രായം ശക്തമായി ആവശ്യപ്പെടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന ജനറല്‍ സെക്രട്ടറിക്ക് ഇക്കാര്യങ്ങളിലെല്ലാം നിര്‍ണായക സ്വാധീനം ചെലുത്താന്‍ പറ്റുമെന്നതിനാല്‍ വി.എേസിന്റെ പാര്‍ട്ടിക്കകത്തെ ‘ഭാവിയും’ പുതിയ നേതൃത്വത്തിന്റെ നിലപാടിനനുസരിച്ചായിരിക്കും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘കേരള സ്വപ്നം’ പൊലിയുകയും യെച്ചൂരി സെക്രട്ടറിയാവുകയും ചെയ്താല്‍ അത് സിപിഎം സംസ്ഥാന ഘടകത്തിന് കനത്ത തിരിച്ചടിയാകും.

Top