എഴുത്തുകാരുടെ പ്രതിഷേധം മോഡി സര്‍ക്കാരിന് എതിരെയുള്ള കടലാസ് വിപ്ലവം: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയുള്ള കടലാസ് വിപ്ലവമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ വിശദമായ കുറിപ്പിലാണ് ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കുന്നത്.

ദാദ്രിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളെ അടിച്ചുകൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമായ കാര്യമാണ്. ശരിയായി ചിന്തിക്കുന്ന ആര്‍ക്കും അതിനെ ന്യായീകരിക്കാനാകില്ല. അത്തരം സംഭവങ്ങള്‍ രാജ്യത്തിന് പേരുദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്ത് വരുന്നുവെന്ന് വരുത്തി തീര്‍ക്കുകയാണ് എഴുത്തുകാരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രതിഷേധം ശരിക്കും നടക്കുന്നതാണോ അതോ നിര്‍മ്മിക്കപ്പെട്ട ഒന്നാണോ? എന്നും ജയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഒരു പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം കടലാസ് വിപ്ലവം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. ബിജെപിയോടുള്ള ആശയപരമായ അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നത്. അല്ലാതെ ആശയപരമായ ഒരു ഏറ്റുമുട്ടല്‍ അല്ല. പല എഴുത്തുകാരും മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പ്രതികരിച്ചവരാണ്. കുറിപ്പില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് തിരിച്ചുവരാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇടതുപക്ഷമാണെങ്കില്‍ പേരിനുമാത്രമായി ശോഷിച്ചു. അതിനാല്‍ മോഡി വിരുദ്ധതയും, ബിജെപി വിരുദ്ധതയും മറ്റൊരു രാഷ്ട്രീയമാക്കി പയറ്റുകയാണെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

Top