കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം നേരിടേണ്ടി വരുമെന്ന്‌ ഗിരീഷ് കര്‍ണാടിന് ഭീഷണി

ബെംഗളുരു: എഴുത്തുകാരനും ജ്ഞാനപീഠ ജോതാവുമായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെ വധഭീഷണി. ബെഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന കര്‍ണാടിന്റെ പരമാര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വധഭീഷണി.

കെംപഗൗഢക്ക് പകരം ടിപ്പുസുല്‍ത്താനെ അവരോധിച്ച് കന്നഡികരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സാഹിത്യകാരനായ കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം കര്‍ണാടിനും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ വാര്‍ത്തയായതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.

ഇന്‍ടോളറന്റ് ചന്ദ്ര എന്ന യൂസര്‍നെയിമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് കര്‍ണാടിന് നേരെ വധഭീഷണി ഉണ്ടായതെന്ന് ബെംഗുളുരു പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേര് നല്‍കണമെന്നും ടിപ്പു സുല്‍ത്താന്‍ ഹിന്ദുവായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിക്കെന്നതു പോലെ ആദരവു ലഭിക്കുമായിരുന്നെന്നും കര്‍ണാട് അഭിപ്രായപ്പെട്ടത്.

പരാമര്‍ശം വിവാദമായതോടെ കര്‍ണാട് മാപ്പുപറഞ്ഞിരുന്നു. തന്റെ പരാമര്‍ശം ആരെയങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും വിവാദം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ടിപ്പുസുല്‍ത്താന്‍ ജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മടിക്കേരിയില്‍ വി.എച്ച്.പി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ സംഘര്‍ഷം തുടരുകയാണ്.

Top