മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് വന്‍ പിന്തുണ; വിജയത്തില്‍ ‘നോട്ടമിട്ട്’ ചൈനയും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആകാതിരിക്കാന്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും പുറത്തെടുത്ത് ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വ്വേകളിലും അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയായി കാണാനാണ് ഭൂരിപക്ഷ വോട്ടര്‍മാരും ആഗ്രഹിക്കുന്നതെന്ന വിവരങ്ങളാണ് ബിജെപി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

നേരത്തെ നടത്തിയ എബിപി ന്യൂസ് അഭിപ്രായ സര്‍വ്വേയില്‍ ആം ആദ്മിക്ക് 46 സീറ്റും ബിജെപിക്ക് 45 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റുമാണ് പ്രവചിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐഎംആര്‍ബി- ദ വീക്ക് സര്‍വ്വേയില്‍ 70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 29 ഉം 36 സീറ്റ് ബിജെപിക്കും കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കുമായി 5 സീറ്റുമാണ് പ്രവചിച്ചത്. ഈ രണ്ട് സര്‍വ്വേകളിലും അരവിന്ദ് കെജ്‌രിവാളിനെയാണ് മുഖ്യമന്ത്രിയായി വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത്.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്കെതിരെ ‘നെക്ക്‌ലേസ്’ആരോപണമുയര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും നടപടി ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കവെ വോട്ടര്‍മാരെ കൈക്കൂലി നല്‍കി സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ആരോപണം.

ആരുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയാലും വോട്ട് ആം ആദ്മിക്ക് ചെയ്യണമെന്ന കെജ്‌രിവാളിന്റെ പരാമര്‍ശം വിവാദമാവുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്ത ഘട്ടത്തിലാണ് കിരണ്‍ ബേദിയെ കുരുക്കിലാക്കുന്ന ആരോപണവും പുറത്തായത്.
പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ അടക്കം വില വലിയ രൂപത്തില്‍ വര്‍ദ്ധിച്ചതും ഡല്‍ഹി തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയിനിലെ പരസ്യത്തില്‍ അണ്ണാഹസാരയുടെ ഫോട്ടോ പൂമാലയിട്ട് തൂക്കിയതും ആം ആദ്മി പാര്‍ട്ടി ആയുധമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ പുറത്തുവരുന്ന രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് പ്രതികൂലമായാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒബാമ – മോഡി ചര്‍ച്ചകളും തീരുമാനങ്ങളും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കങ്ങളെ എതിര്‍ക്കുന്ന ചൈനയും ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. അമേരിക്ക – ഇന്ത്യ കൂട്ടുകെട്ടിനെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന വാദമുയര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ആന്താരാഷ്ട്ര സമൂഹത്തിനും ബിജെപിയുടെ തോല്‍വി വഴി ഒരുങ്ങുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണ രംഗത്ത് ഇറങ്ങുന്നതോടെ ഡല്‍ഹി പൂര്‍ണമായും ബിജെപി പക്ഷത്തേയ്ക്ക് ചായുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. അതേസമയം ചേരികളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം തന്നെ വിലക്കയറ്റവും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും പ്രചാരണ വിഷയമാക്കിയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം.

കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹൂല്‍ ഗാന്ധിയുടെ റോഡ് ഷോ നടന്നെങ്കിലും അതിന് വേണ്ടത്ര ആളുകള്‍ പങ്കെടുക്കാതിരുന്നത് കോണ്‍ഗ്രസ് ക്യാമ്പിനെയും അസ്വസ്ഥമാക്കിയിട്ടുണ്ട്.

Top