വഹാബിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി മറയ്ക്കാതെ മുനവറലി തങ്ങള്‍

മലപ്പുറം: മുസ്ലീം ലീഗ് രാജ്യസഭാ സ്ഥാനര്‍ത്ഥിയായി പി.വി അബ്ദുല്‍വഹാബിനെ പ്രഖ്യാപിച്ച ശേഷവും ആ തീരുമാനത്തിലെ തന്റെ അതൃപ്തി വ്യക്തമാക്കി മുനവറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷവും തര്‍ക്കം അടഞ്ഞ അധ്യായമെന്ന് ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടും മുനവറലി തങ്ങള്‍ തന്റെ നിലപാടുകള്‍ കാലം തീരുമാനിക്കട്ടെ എന്ന തരത്തില്‍ പോസ്റ്റിട്ടതാണ് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

പാരമ്പര്യ രീതിയില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തവണ ഉണ്ടായതെന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ തെറ്റാണെന്നും അതുകൊണ്ട് തന്നെ അത്തരം നടപടിയുടെ വിധിയും കാലം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനത്തെ മാനിക്കുന്നുവെന്നും പി.വി അബ്ദുല്‍ വഹാബിന് ആശംസകള്‍ അര്‍പിക്കുന്നുവെന്നും മുനവറലി എഴുതി.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അറിയാന്‍ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വളരെ സജീവമായി ഇതില്‍ പങ്കാളിത്തം വഹിക്കാറുള്ള ഞാന്‍ പല നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ഇതിനെ കാണുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഞാനിട്ട പോസ്റ്റ് ഒരു വ്യക്തിയെയും ലക്ഷ്യമിട്ടുള്ളതല്ല. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. അത്തരത്തില്‍ ഒരു വ്യക്തി നടത്തുന്ന അഭിപ്രായ പ്രകടനം പാര്‍ട്ടി എടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ പ്രസക്തിയെ ഒട്ടും ബാധിക്കുന്നില്ല.’

ഇപ്പോള്‍ ഉണ്ടായ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിയാനത്തെ കുറിച്ചും അത്തരം തെറ്റായ നീക്കങ്ങളെ കുറിച്ചും ഏറെ ബോധവാനാണ്. എല്ലാം കാലത്തിന് തീരുമാനിക്കാന്‍ വിട്ടുകൊടക്കുക.

തെറ്റുകള്‍ അംഗീകരിക്കുകയും തുറന്ന് സമ്മതിക്കുകയും ചെയ്യുന്നിടത്താണ് വിജയം. ഏതൊരു കാര്യവും വിജയിക്കണമെങ്കില്‍ തുറന്ന മനസ്സും കാലത്തിനനുസരിച്ച് മാറ്റം ഉള്‍ക്കൊള്ളാനുള്ള സാഹചര്യവും വേണം. തുറന്ന സമീപനം,സുസ്ഥിരത,അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളല്‍ തുടങ്ങിയവയുടെ ആവശ്യകതയില്‍ ആണ് താനും കുടുംബവും വിശ്വസിക്കുന്നത്.

മൂല്യത്തിലധിഷ്ഠിതമായ പുരോഗമന സമൂഹത്തിന് വേണ്ടിയായിരിക്കും എക്കാലത്തും ശബ്ദമുയര്‍ത്തുകയെന്ന് ഉറപ്പു തരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ രാജ്യസഭാ സീറ്റ് വഹാബിന് നല്‍കുന്നതിനെതിരെ മുനവറലി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് വിവാദമാവുകയും അത് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു.

Top