എന്‍എസ്ജി കമാന്‍ഡോ ഓപ്പറേഷന് കേന്ദ്രം ഒരുങ്ങി;പൊലീസിന്റെ മാനം കാത്തത് ഐജി

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വെടിവെപ്പില്‍ സിഐഎസ്എഫ് സുരക്ഷാ ഭടന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റണ്‍വേ ഉപരോധിച്ച അഗ്നിശമന സേനാംഗങ്ങളെ നീക്കി വിമാനത്താവള നിയന്ത്രണം ഏറ്റെടുക്കാന്‍ എന്‍എസ്ജി കമാന്‍ഡോ സംഘത്തെ ഇറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങിയതായി സൂചന.

സംഘര്‍ഷത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍എസ്ജി കമാന്‍ഡോ സംഘത്തെ ഇറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ രാത്രി ഒമ്പതോടെ നിര്‍ദ്ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ച ശേഷമായിരുന്നു നടപടി.

ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ദോവലും ആശയവിനിമയം നടത്തിയ ശേഷമാണ് എന്‍എസ്ജി ഡയറക്ടര്‍ ജനറലിന് കമന്‍ഡോ ഓപ്പറേഷന് നിര്‍ദ്ദേശം നല്‍കിയത്.

എന്‍എസ്ജിയുടെ ഹൈദരാബാദിലെയും ചെന്നൈയിലും ഉപകേന്ദ്രങ്ങളില്‍ വിമാനം റാഞ്ചല്‍ നേരിടാനുള്ള വിദഗ്ദപരിശീലനം ലഭിച്ച കമാന്‍ഡോകളെ ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം.

കമാന്‍ഡോ സംഘം പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ പറന്നിറങ്ങാനിരിക്കെയാണ് കേരള പോലീസ് വിമാനത്താവളത്തിലെത്തി നിയന്ത്രണം ഏറ്റെടുത്തത്. സ്ഥിതി നിയന്ത്രണ വിധേയമായെന്ന ഡിജിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം കമാന്‍ഡോ ഓപ്പറേഷന്‍ കേന്ദ്രം നിര്‍ത്തിവച്ചത്.

മ്യാന്‍മാറില്‍ സൈനിക ഓപ്പറേഷന്റെ നേട്ടത്തില്‍ നിന്ന് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പില്‍ സിഐഎസ്ഫ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം.

ഡിജിപി ടി.പി സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി, തൃശൂര്‍ റേഞ്ച് ഐ.ജി സുരേഷ്‌രാജ് പുരോഹിത്, എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് എയര്‍പോര്‍ട്ട് വളഞ്ഞിരുന്നത്.

പോലീസ് ഓപ്പറേഷനില്‍ വിദഗ്ദനായ സുരേഷ് രാജ് പുരോഹിതിന്റെ തന്ത്രപരമായ നീക്കത്തിലാണ് പോലീസ് വിമാനത്താവളത്തിനകത്തു കയറി നിയന്ത്രണം ഏറ്റെടുത്തത്. വിമാനത്താവളം പോലീസ് നിയന്ത്രണത്തിലാക്കിയായിരുന്നു ഓപ്പറേഷന്‍.

സിഐഎസ്എഫിന്റെ നടപടി ചെറുക്കാന്‍ സംസ്ഥാന പൊലീസിന്റെ സായുധ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ രംഗത്തിറക്കാനും നീക്കമുണ്ടായിരുന്നു. കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്ന സുരേഷ് രാജ് പുരോഹിത് ഇരുവിഭാഗ്ത്തിനും മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരും സിഐഎസ്എഫ് ജീവനക്കാരും സഹകരിക്കാന്‍ തയ്യാറായത്.

തുടര്‍ന്ന് പത്തുവീതം അഗ്നിശമനസേനാ വിഭാഗക്കാരെയും സിഐഎസ്എഫുകാരെയും ഐ.ജിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പടാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമ സംബന്ധമായി സംസ്ഥാന പൊലീസിന് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.ബി ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കൈമാറിയിട്ടുണ്ട്.

Top