എന്നെ കണ്ടാല്‍ നക്‌സലെന്ന് തോന്നുമോ? മോഡിയോട് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: തന്നെ മാവോയിസ്‌റ്റെന്ന് വിളിച്ച് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഞാന്‍ നക്‌സലിനെ പോലെയാണോ ഇരിക്കുന്നതെന്ന് കെജ് രിവാള്‍ മോഡിയോട് ചോദിച്ചു. പ്രമുഖ ദേശീയ ചാനലായ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ മോഡിക്കെതിരെ പൊട്ടിത്തെറിച്ചത്.

‘ഡല്‍ഹിയിലെ ജനങ്ങളോട് ഞാന്‍ ചോദിക്കുന്നു, ഞാന്‍ നക്‌സലിനെ പോലെയാണോ പെരുമാറുന്നത്. പ്രധാനമന്ത്രി പറയുന്നത് ഞാന്‍ കാട്ടിലേക്ക് പോകണമെന്നാണ്. നിങ്ങളും അതു പോലെ കരുതുന്നുണ്ടോ ? ‘ കെജ്‌രിവാള്‍ ചോദിച്ചു.

ഏഴു മാസം കൊണ്ട് മോഡി ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെറും 49 ദിവസം കൊണ്ട് താന്‍ ഡല്‍ഹിയില്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഞങ്ങള്‍ തെറ്റുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന കാര്യം ഡല്‍ഹിയിലെ ജനങ്ങള്‍ക്കറിയാം. അതിനാല്‍ ഇത്തവണയും ഡല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മിക്ക് തന്നെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ച്ച ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മോഡി കെജ്‌രിവാളിനെതിരെ ആക്ഷേുമുന്നയിച്ചത്. കെജ്‌രിവാള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും അരാജകവാദിയായ കെജ്‌രിവാളിന് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്നും മാവോയിസ്റ്റുകള്‍ക്ക് തുല്യമാണ് അരാജകവാദികളെന്നുമായിരുന്നു മോഡി പറഞ്ഞിരുന്നത്.

Top