എച്ച്ടിസിയുടെ പുതിയഫോണ്‍ വണ്‍ എം9 അവതരിപ്പിച്ചു

എച്ച്ടിസിയുടെ പുതിയ ഫോണ്‍ ‘വണ്‍ എം9’ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. മുന്‍ഗാമിയായ എച്ച്ടിസി വണ്‍ എം 8നോട് ഏറെക്കാര്യങ്ങളില്‍ സമാനതയുള്ള മോഡലാണ് എം9. ഏതാണ്ട് സമാനമായ മെറ്റാലിക് ബോഡി തന്നെയാണിതിനും.

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, 2 ജിഗാ ഹെര്‍ഡ്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 3 ജിബി റാം, 128 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, ഇരുപത് മെഗാപിക്‌സല്‍ പ്രധാനകാമറയും നാല് മെഗാപിക്‌സല്‍ മുന്‍ കാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്.

ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് തന്നെയാണ് വണ്‍ എം9 ന്റെ പ്ലാറ്റ്‌ഫോം. വെറും ലോലിപോപ്പല്ല ഈ ഫോണിലുള്ളത്. എച്ച്.ടി.സിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ‘സെന്‍സ്’ ഉപയോഗിച്ച് അടിമുടി കസ്റ്റമറൈസ് ചെയ്തിരിക്കുകയാണ് ആന്‍ഡ്രോയ്ഡ് 5.0 നെ.

എച്ച്.ടി.സി.യുടെ ഏറ്റവും പുതിയ സോഫ്റ്റ്‌വേര്‍ പതിപ്പായ ‘സെന്‍സ് 7’ ആണ്‍ വണ്‍ എം9 ന് ചടുലത പകരുന്നത്. നിങ്ങളുടെ മുഴുവന്‍ ന്യൂസ്, സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകളും ഒരിടത്ത് അഗ്രഗേറ്റ് ചെയ്ത് കാണിക്കുന്ന ‘ബ്ലൈന്‍ഡ്ഫീഡ്’ എന്ന സര്‍വീസോടുകൂടിയാണ് ഇതിന്റെ വരവ്.

ഫെയ്‌സ്ബുക്ക്, ഫ് ളിക്കര്‍, പഴയ ഫോണുകള്‍ എന്നിവയില്‍നിന്നുള്ള മുഴുവന്‍ ഫോട്ടോകളും ഫോണിലെ ഒറ്റ ഗാലറിയില്‍ കാട്ടിത്തരുന്ന വണ്‍ എം9 ലുള്ള ‘വണ്‍ ഗാലറി ആപ്പ്’ ആണ് ഫോണിലെ മറ്റൊരു പ്രത്യേകത. നിങ്ങളുടെ ലൊക്കേഷന്‍ മനസിലാക്കി ഹോംസ്‌ക്രീനില്‍ അതിനനുസരിച്ചുള്ള സര്‍വീസുകള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന ‘സെന്‍സ് ഹോം’ ഫീച്ചറും ഫോണിലുണ്ട്.

മാസങ്ങള്‍ക്കുള്ളില്‍ വണ്‍ എം9 അമേരിക്കയില്‍ വില്‍പ്പനയക്കെത്തുമെന്ന് പറഞ്ഞെങ്കിലും, ഫോണിന്റെ വിലയോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്താന്‍ എച്ച്.ടി.സി.തയ്യാറായിട്ടില്ല.

Top