എക്‌സ് 6 ന്റെ രണ്ടാം തലമുറയുമായി ബി എം ഡബ്ല്യു

ബി എം ഡബ്ല്യു എക്‌സ് 6 ന്റെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോർട് ആക്ടിവിറ്റി കൂപെ (എസ്എസി) മോഡൽ ബാംഗ്ളൂരിലാണ് പുറത്തിറക്കിയത്. എക്‌സ് 6 ന് 1.15 കോടി രൂപയാണു ഡല്‍ഹി ഷോറൂമില്‍ വില.

മൂന്നു ലീറ്റര്‍, ഇരട്ട ടര്‍ബോ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബി എം ഡബ്ല്യു എക്‌സ് സിക്‌സ് എക്‌സ് ഡ്രൈവ് 40 ഡി എം സ്‌പോര്‍ട്ടിന് കരുത്തേകുന്നത്. 313 പി എസ് വരെ കരുത്തും 600 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിനു കഴിയും. ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള എക്‌സ് 6ല്‍ പാഡില്‍ ഷിഫ്റ്റര്‍ സഹിതമുള്ള എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

വെറും 5.8 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പുതിയ എക്‌സ് സിക്‌സിന് കഴിയുമെന്നാണുകമ്പനിയുടെ അവകാശവാദം. മണിക്കൂറില്‍ 240 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. ലീറ്ററിന് 15.87 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇരട്ട സ്‌പോക്ക്, 19 ഇഞ്ച് അലോയ് വീല്‍, മുന്നിലും പിന്‍ ഏപ്രണിലും പുത്തന്‍ എയര്‍ ഇന്‍ലെറ്റ്, എം ലോഗോ പതിച്ച ഡോര്‍ സില്‍, പുതിയ എല്‍ ഇ ഡി ഹെഡ്‌ലാംപ്, മുന്‍- പിന്‍ ബംപര്‍ എന്നിവയ്‌ക്കൊപ്പം എക്‌സ് സിക്‌സില്‍ പുതിയ ഷീറ്റ് മെറ്റലും ഉപയോഗിച്ചിട്ടുണ്ടെന്നു ബി എം ഡബ്ല്യു അവകാശപ്പെടുന്നു.

അകത്തളത്തിലാവട്ടെ ഓഡിയോ നിയന്ത്രണ സംവിധാനവും ബ്ലൂടൂത്ത് കോളുകള്‍ സ്വീകരിക്കാനുള്ള സൗകര്യവുമുള്ള, ‘എം’ ലതര്‍ സ്റ്റീയറിങ് വീലാണു പ്രധാന മാറ്റം. ഇരട്ട ടോണ്‍ അപ്‌ഹോള്‍സ്ട്രിയും വുഡ് ട്രിമ്മും അടക്കമുള്ള ഡിസൈന്‍ പ്യുവര്‍ എക്ട്രാവഗന്‍സ് പാക്കേജും പുതിയ എക്‌സ് സിക്‌സില്‍ ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയൊക്കെ ‘എക്‌സ് സിക്‌സി’ലുണ്ട്. പോരെങ്കില്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ പാക്കേജും ലഭ്യമാണ്.

പോര്‍ഷെ മക്കാന്‍, ഔഡി ക്യു സെവന്‍ മെഴ്‌സീഡിസ് ബെന്‍സ് എം എല്‍ ക്ലാസ്, അടുത്തുതന്നെ നിരത്തിലെത്തുന്ന ജി എല്‍ ഇ ക്ലാസ് തുടങ്ങിയവയോടാണ് എക്‌സ് 6 ഏറ്റുമുട്ടുന്നത്.

Top