എഎപി വിജയം കേരളത്തിലും ചലനമുണ്ടാക്കും; നയിക്കാന്‍ കെജ്‌രിവാള്‍ എത്തും

തിരുവനന്തപുരം: ഡല്‍ഹിയിലെ എഎപി വിജയം കേരളത്തിലും ചലനമുണ്ടാക്കും. അരവിന്ദ് കെജ്‌രിവാളിന്റെയും കൂട്ടരുടേയും തേരോട്ടം ഇവിടെ പലരുടെയും ചങ്കിടിപ്പ് കൂട്ടുന്നു. എഎപിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എറണാകുളം, തൃശൂര്‍, ചാലക്കുടി, തിരുവനന്തപരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നിന്ന് മോശമല്ലാത്ത വോട്ടും എഎപി സ്ഥാനാര്‍ഥികള്‍ നേടിയിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി മികച്ച സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച് ഇടതുവലത് മുന്നണികളെയും ബിജെപിയേയും വെല്ലുവിളിക്കും.

കേരളത്തിലെ നിലവിലെ ഭരണസംവിധാനം അഴിമതിയുടെ പുഴുക്കുത്ത് ബാധിച്ച് ജീര്‍ണാവസ്ഥയിലാണ്. നാള്‍ക്കുനാള്‍ ഈ അവസ്ഥ സങ്കീര്‍ണമാകുകയാണ്. പുതിയ തലമുറക്കിടിയില്‍ ഒരുതരം അരാഷ്ട്രീയവും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ വിഭാഗത്തെ കൈയിലെടുത്ത് അഴിമതിക്കെതിരായ ക്യാമ്പയിന്‍ ശക്തമാക്കിയാകും എഎപി കേരളത്തില്‍ വേരോട്ടുക.

സാധാരണക്കാര്‍ മുതല്‍ ടെകനോക്രാറ്റുകളും വ്യവസായികളും ഉന്നത മുന്‍ ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരുമെല്ലാം ഒരേകുടക്കീഴില്‍ അണിനിരക്കുന്നു എഎപിയില്‍ എന്നതാണ് അതിന്റെ ആകര്‍ഷകത. ആക്ടിവിസ്റ്റുകളും ധാരാളമുണ്ട് ആ പാര്‍ട്ടിയില്‍. അതിനാല്‍ കേരളത്തിലെ യുവസമൂഹത്തെ എഎപിക്ക് ആകര്‍ഷിക്കാനാകും.

അതേ സമയം നല്ലൊരു ജനപിന്തുണയും പാരമ്പര്യവുമുള്ള നേതാവിന്റെ അഭാവമാണ് കേരളത്തില്‍ എഎപി നേരിടുന്ന വലിയ പ്രശ്‌നം. ചില ബുദ്ധിജീവികളും സാഹിത്യകാരുമാണ് ഇവിടെ എഎപിയെ നയിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ രണ്ട്തവണ കേരളത്തില്‍ വന്നു ചിലനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എങ്കിലും കേരളം അവരുടെ അജണ്ടയില്‍ മുന്നില്‍ തന്നെയാണ്.

തദ്ദേശ സ്വയംഭരണ – നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ആം ആദ്മിയെ നയിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി പദത്തിലേറുന്ന സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയെത്തുമ്പോള്‍ അത് ഇരു മുന്നണികള്‍ക്കും വന്‍ വെല്ലുവിളിയാകും.

Top