ഋഷിരാജിനോട്‌ സര്‍ക്കാര്‍ കാണിച്ചത് കൊടും വഞ്ചന; ഒതുക്കിയത് പത്മകുമാറിന് വേണ്ടി…

തിരുവനന്തപുരം: പൊലീസിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച എ.ഡി.ജി.പി ഋഷിരാജ് സിങ്ങിനോട് സര്‍ക്കാര്‍ കാണിച്ചത് കൊടും വഞ്ചന.

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ക്രമസമാധാന ചുമതലയില്‍ സോണലില്‍ നിയമിക്കുമെന്നായിരുന്നു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നത്. സിങ്ങിനും ഈ പ്രതീക്ഷ ഉണ്ടായിരുന്നുവത്രെ.

നോര്‍ത്ത് സോണലില്‍ നിന്ന് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ ‘പ്രത്യേക സാഹചര്യം’ മുന്‍നിര്‍ത്തി മാറ്റാന്‍ ഉദ്ദേശമില്ലാതിരുന്നതിനാല്‍ സൗത്ത് സോണില്‍ സിങ്ങിന് നറുക്ക് വീഴുമെന്നായിരുന്നു സൂചന.

എന്നാല്‍ സൗത്ത് സോണ്‍ എ.ഡി.ജി.പിയായ പത്മകുമാറിനെ നിലനിര്‍ത്താന്‍ ഭരണ തലത്തില്‍ തന്നെ ചില ഇടപെടലുകള്‍ നടക്കുകയായിരുന്നു. ഉന്നത സമുദായ സംഘടനാ നേതാവും പത്മകുമാറിന് വേണ്ടി സമ്മര്‍ദം ചെലുത്തിയതായാണ് ലഭിക്കുന്ന വിവരം.

ജൂനിയര്‍ എ.ഡി.ജി.പിയായ പത്മകുമാറിനെ പ്രമോഷന്‍ ലഭിച്ച ഉടനെ തന്നെ സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് സൗത്ത് സോണലില്‍ നിയമിച്ചതിന് പിന്നിലും ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഡി.ജി.പിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു പത്മകുമാറിന്റെ നിയമനം.

സരിതാ എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ പത്മകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പത്മകുമാറിനെ സംരക്ഷിച്ചും സീനിയറായ ഋഷിരാജ് സിങ്ങിനെ അവഗണിച്ചും സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്.

ഇതു സംബന്ധമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.രാജന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

പത്മകുമാര്‍ എറണാകുളം റേഞ്ച് ഐ.ജി ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലുകളിലും ചിലത് കോടതിയില്‍ ഹാജരാക്കിയതില്‍ ഇല്ലെന്ന സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു എ.ഐ.വൈ.എഫ് സെക്രട്ടറിയുടെ ആവശ്യം.

പത്മകുമാറിനും സോളാര്‍ കേസ് അന്വേഷിച്ച പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനും തന്ത്രപ്രധാനമായ തസ്തികകകളില്‍ തുടരാന്‍ അനുവദിച്ചതിന് പിന്നിലും സരിത രേഖാമൂലം പരാതി നല്‍കിയിട്ടും സ്ഥലംപോലും മാറ്റാതെയിരിക്കുന്നതും സര്‍ക്കാര്‍ ‘ചിലത്’ പേടിച്ചിട്ടാണെന്നാണ് പറയപ്പെടുന്നത്.

പത്മകുമാറിന് പകരം ഋഷിരാജ് സിങ്ങിനെ നിയമിച്ചാല്‍ സരിത ആക്ഷേപം ഉന്നയിച്ച ‘തൊണ്ടി’ സാധനങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്.

സോളാര്‍ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചതെങ്കിലും കാണാതായെന്ന് പറയപ്പെടുന്ന ലാപ്‌ടോപ്പുകളെക്കുറിച്ചും മൊബൈല്‍ ഫോണുകളെക്കുറിച്ചും ഒരു പരാതി ലഭിക്കുകയോ മജിസ്‌ട്രേറ്റ് കോടതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്താല്‍ ലോക്കല്‍ പൊലീസിന് ഈ കേസില്‍ ഇടപെടാന്‍ സാഹചര്യമൊരുങ്ങും. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സിങ്ങിനെ ബെറ്റാലിയനിലേക്ക് മാറ്റി നിയമിച്ചതെന്നാണ് സൂചന.

പൊലീസിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹത്തോട് അനുകൂലമായി പ്രതികരിച്ച സര്‍ക്കാര്‍ ബെറ്റാലിയനിലേക്ക് ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് ‘സിംഹ’ത്തിന് അറിയാതെ പോയി. ഈ നിരാശയിലാകാം ആഭ്യന്തര മന്ത്രിയെ കണ്ടിട്ടും ബഹുമാനിക്കാതെ ഇരിക്കാന്‍ ഋഷിരാജ് സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.

Top