ഋഷിരാജ് സിംങ് കേരളം വിടാനൊരുങ്ങുന്നു? സിബിഐ അഡീ.ഡയറക്ടറാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയിലും നടപടിയെടുക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് എ.ഡി.ജി.പി ഋഷിരാജ് സിംങ് കേരളം വിടാനൊരുങ്ങുന്നതായി സൂചന.

നേരത്തെ സി.ബി.ഐ മുംബൈ സോണ്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഋഷിരാജ്‌സിംങ് വീണ്ടും സി.ബി.ഐയിലേക്ക് തന്നെ ഡെപ്യൂട്ടേഷനില്‍ പോകാന്‍ തയ്യാറെടുക്കുന്നതായാണ് അറിയുന്നത്.

ഐ.ജി റാങ്കിലിരിക്കെ സി.ബി.ഐയില്‍ ജോയിന്റ് ഡയറക്ടര്‍ പദവി വഹിച്ച സിംങ് ഇപ്പോള്‍ എ.ഡി.ജി.പി ആയതിനാല്‍ അഡീഷണല്‍ ഡയറക്ടറായി പരിഗണിക്കപ്പെടാനാണ് സാധ്യത. പ്രമോഷന്‍ ലഭിച്ചാല്‍ സി.ബി.ഐയില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് മാറാനും കഴിയും.

മുംബൈയില്‍ ഉന്നതര്‍ ഇടപെട്ട ആദര്‍ശ് കുംഭകോണ കേസുള്‍പ്പെടെയുള്ള വിവാദ സംഭവങ്ങളില്‍ കര്‍ക്കശ നിലപാടെടുത്ത് സി.ബി.ഐയില്‍ ക്ലീന്‍ ഇമേജ് സൃഷ്ടിച്ചിട്ടുള്ള ഋഷിരാജ് സിംങ് സി.ബി.ഐയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പേഴ്‌സണല്‍ മന്ത്രാലയം അത് പരിഗണിക്കുമെന്നാണ് ന്യൂഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ഉപദേഷ്ടാവും മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവലിന്റെ നിലപാടും സിംങിന് തുണയാകുമെന്നാണ് കരുതുന്നത്.

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെ കുരുക്കിയതിനാല്‍ ഇന്ദ്രപ്രസ്തത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ‘ഗുഡ്‌ലിസ്റ്റി’ലാണ് ഋഷിരാജ് സിംങിന്റെ സ്ഥാനം.

സി.ബി.ഐയിലേക്ക് മടങ്ങുകയാണെങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറുടെ ചുമതല ഋഷിരാജ് സിംങിന് നല്‍കാന്‍ സാധ്യതയുണ്ട്.

സോളാര്‍ കേസും ബാര്‍കോഴ കേസും സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഋഷിരാജ് സിംങ് സി.ബി.ഐയില്‍ ചേക്കേറുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ഇതില്‍ ഏത് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടാലും സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നും ഉറപ്പാണ്.

ഡെപ്യൂട്ടേഷനില്‍ പോകാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഋഷിരാജ് സിങിന്റെ താലപര്യത്തിന് അനുകൂലമായി നിലപാടെടുത്താല്‍ സംസ്ഥാന സര്‍ക്കാര്‍ക്കാരിന് സ്വാഭാവികമായും അനുമതി നല്‍കേണ്ടി വരും.

സാധാരണ ഗതിയില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി സംസ്ഥാന സര്‍വ്വീസിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ച് വീണ്ടും ഡെപ്യൂട്ടേഷനില്‍ പോകണമെങ്കില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

അതേസമയം ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത വിവാദത്തില്‍, നിലവിലുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ലെന്ന് ഡി.ജി.പിക്ക് നല്‍കിയ വിശദീകരണത്തിലും ഋഷിരാജ് സിംങ് ആവര്‍ത്തിച്ചത് സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. മന്ത്രിയെ സല്യൂട്ടടിക്കണമെന്ന് പ്രോട്ടോകോളില്‍ എവിടെയും പറഞ്ഞട്ടില്ലെന്നാണ് സിംങിന്റെ നിലപാട്.

അര്‍ഹതപ്പെട്ട നിയമനങ്ങളില്‍ പരിഗണിക്കാത്തതിനേക്കാള്‍ സിംങിനെ വിഷമിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതും സല്യൂട്ടടി വിവാദത്തില്‍ ഭരണപക്ഷം ഒറ്റപ്പെടത്തി ആക്രമിക്കുന്നതാണെന്നാണ് ലഭിക്കുന്ന വിവരം.

Top