ഋഷിരാജ് സിംങ്‌ ശുദ്ധന്‍;മെറിന്‍ ജോസഫിന് കേരളത്തിലെ സാഹചര്യമറിയില്ല: ഡി.ജി.പി

തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിംങ്ങ് ശുദ്ധനായ ഓഫീസറാണെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍. സല്യൂട്ട് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊലക്കേസ് പ്രതിയുടെ വീട്ടില്‍ പോയത് സംബന്ധമായും മന്ത്രിയെ സല്യൂട്ടടിക്കാത്ത സംഭവത്തിലും തന്റെ അഭിപ്രായം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

ജനപ്രതിനിധികളെ ബഹുമാനിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. നേരത്തെ ചില സംഭവങ്ങളില്‍ തനിക്കെതിരെ മാനനഷ്ടത്തിന് വരെ ഋഷിരാജ് സിംങ്ങ് കേസുകൊടുത്തിരുന്നു. വക്കീല്‍ നോട്ടീസ് പോലും അയക്കാതെ കൊടുത്ത കേസ് പക്ഷെ തള്ളിപ്പോയി.

പിന്നീട് ഇക്കാര്യത്തില്‍ തെറ്റ് മനസ്സിലാക്കി അദ്ദേഹം തന്നോട് സംസാരിച്ചിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു. സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംങ്ങിനെതിരായ നിലപാട് സ്വീകരിച്ച് ”പകപോക്കല്‍” നടത്തുന്നയാളല്ല താനെന്നും അതുകൊണ്ടാണ് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മാത്രം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നടനുമൊത്ത് ഫേട്ടോയ്ക്ക് പോസ് ചെയ്ത് വിവാദത്തിലായ എ.എസ്.പി. ട്രെയിനി മെറിന്‍ ജോസഫിന് കേരളത്തിലെ സാഹചര്യം അറിയില്ലെന്ന് എറണാകുളം സംഭവം ചൂണ്ടിക്കാട്ടി ഡി.ജി.പി പറഞ്ഞു.

ഏറ്റവും ജൂനിയറായ പ്രൊബേഷണറി ഓഫീസറാണ് മെറിന്‍. അവര്‍ കേരളത്തിലല്ല ഡല്‍ഹിയിലാണ് പഠിച്ചത്. ഇവിടുത്തെ ക്ലൈമറ്റുമായി പരിചയപ്പെടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടന്‍ നിവിന്‍പോളിക്കൊപ്പം നിന്ന് എം.എല്‍.എയെ കൊണ്ട് ഫേട്ടോ എടുപ്പിച്ചതും ഇതു സംബന്ധമായ വാര്‍ത്ത നല്‍കിയ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വൈകാരികമായി പ്രതികരിച്ചതും മെറിന്‍ ജോസഫിനെതിരെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ചടങ്ങില്‍ തൊപ്പി ധരിച്ചതും ശരിയായ രീതിയിലായിരുന്നില്ല. ഇതു സംബന്ധമായ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

മെറിന്‍ ജോസഫിന്റെ നടപടിയെ ന്യായീകരിക്കാതെ അവരുടെ പരിചയക്കുറവാണ് ഇത്തരം വിവാദത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുകവഴി പരോക്ഷമായി മെറിന്‍ ജോസഫ് തെറ്റ് ചെയ്തുവെന്നതിന് സ്ഥിരീകരണമാണ് ഡി.ജി.പിയുടെ വാക്കുകള്‍.

പോലീസ് സേന രാഷ്ട്രീയ ദുഃസ്വാധീനത്തില്‍ നിന്ന് വിമുക്തമാവണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശം ലഭിക്കാത്ത വിഭാഗം പോലീസ് മാത്രമാണ്. നിലവിലെ സിസ്റ്റം ഡവലപ് ചെയ്യാനാണ് താന്‍ നോക്കുന്നത്. ഉദ്യോഗസ്ഥന്‍ മാറിയതുകൊണ്ട് കാര്യമില്ല. നല്ല സിസ്റ്റത്തിലേക്ക് പേകാന്‍ സാധിക്കണം.

തനിക്ക് വരുന്ന കോളുകളില്‍ 70 ശതമാനവും സ്ത്രീകളുടേതാണ്. ഇതില്‍ 50 ശതമാനവും സത്യസന്ധമാണ്. ചിലര്‍ പോലീസ് സ്റ്റേഷന്റെ നമ്പര്‍ ചോദിക്കാനാണ് വിളിക്കുക. പലപ്പോഴും അത് തമാശയായി തോന്നാറുണ്ട്.

ഒരു കോണ്‍സ്റ്റബിളിന്റെ പണി തനിക്ക് ഇടയ്ക്ക് ചെയ്യേണ്ടി വരാറുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

Top