ഋഷിരാജ് സിംഗ് ബഹുമാനം കാണിച്ചില്ലെന്ന ആരോപണം: പരാതിയില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഡിജിപി ഋഷിരാജ് സിംഗ് ബഹുമാനിച്ചില്ലെന്ന ആരോപണത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഡിജിപിയാണ്. സ്ഥാനമാറ്റം ഋഷിരാജ് സിംഗിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷമാണെന്നും ചെന്നിത്തല പറഞ്ഞു.

തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പരേഡിനെത്തിയ ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതെ കസേരയില്‍ ഇരുന്ന ഋഷിരാജ് സിംഗിന്റെ നടപടിയാണ് വിവാദമായത്.

190 വനിതാ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി. വേദിയിലിരിക്കുന്ന എഡിജിപിയെ മന്ത്രി ചിരിച്ചുകാണിച്ചെങ്കിലും, അദ്ദേഹം ഗൗനിക്കാതെ പവലിയനിലേയ്ക്കു തന്നെ നോക്കിയിരിന്നു. എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റുനിന്ന് മന്ത്രിയെ സല്യൂട്ട് ചെയ്തു.

ഋഷിരാജ് സിംഗിനെ നോക്കിയ ശേഷം മന്ത്രി പാസിംഗ് ഔട്ട് പരേഡിനു സല്യൂട്ട് സ്വീകരിക്കാന്‍ പോകുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഋഷിരാജ് സിംഗ് വിശദീകരണവുമായി എത്തിയിരുന്നു. ദേശീയ ഗാനം പാടുമ്പോള്‍ മാത്രമാണ് എഴുന്നേല്‍ക്കേണ്ടത്. മറ്റുള്ളവര്‍ വരുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ലെന്നാണ് ഋഷിരാജ് സിംഗ് ഈ സംഭവത്തില്‍ പ്രതികരിച്ചത്.

Top