ഊതിക്കെടുത്തിയ സമരം ആളിക്കത്തിച്ച് സി.പി.എം

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് നടത്തിയ രാപ്പകല്‍ സമരം പാതിവഴി ഉപേക്ഷിച്ച് നാണംകെട്ട സി.പി.എം മാണിക്കെതിരായ പോരാട്ടം ആളിക്കത്തിച്ചു തിരിച്ചടിക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുകളിയുടെ ഭാഗമായാണ് രാപ്പകല്‍ സമരം ഉപേക്ഷിച്ചതെന്ന ഏറെക്കാലം വേട്ടയാടിയ പേരുദോഷമാണ് സി.പി.എമ്മും ഇടതുപക്ഷവും കഴുകിക്കളയുന്നത്. ബാര്‍ കോഴയില്‍ ആരോപണവിധേയനായ മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രക്ഷോഭം സഭക്കകത്തും തെരുവിലും ആളിക്കത്തിച്ചാണ് ഇടതുപക്ഷം പ്രതിഷേധകൊടുങ്കാറ്റ് അഴിച്ചുവിട്ടത്.

സ്പീക്കറെ ഡയസില്‍ ഇരുന്നു സഭ നിയന്ത്രിക്കാന്‍ അവസരം ഒരുക്കാതെ തടഞ്ഞും മന്ത്രി മാണിയെ മുന്‍നിരയിലെ സ്വന്തം കസേരയിലെത്താന്‍ അനുവദിക്കാതെയുമായിരുന്നു ഇടതുപക്ഷ പ്രതിഷേധം. നിയമസഭയുടെ പിന്‍വാതിലിലൂടെ എത്തിയ മാണി ഭരണപക്ഷ എം.എല്‍.എമാരുടെ വലയത്തില്‍ പിന്‍നിരയില്‍ നിന്നാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രതിഷേധത്തിനിടെ സ്പീക്കര്‍ ആംഗ്യംകാട്ടിയാണ് മാണിയെ ക്ഷണിച്ചത്. ബജറ്റ് മേശപ്പുറത്തുവെച്ചെന്ന് പറഞ്ഞ് സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചെങ്കിലും ബജറ്റ് പ്രസംഗം മാണിക്ക് വാര്‍ത്താസമ്മേളനത്തില്‍ നടത്തേണ്ട അവസ്ഥയായിരുന്നു.

വനിതാ എം.എല്‍.എമാരടക്കം 20 എം.എല്‍.എമാര്‍ക്ക് പരിക്കേറ്റത് പ്രതിപക്ഷത്തിനു വീണുകിട്ടിയ ആയുധമായി. രാത്രിയില്‍ നിയമസഭക്കകത്തുതങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് മൂര്‍ച്ചകൂട്ടിയത്. സഭക്കുള്ളില്‍ എം.എല്‍.എമാര്‍ പ്രതിഷേധം അഴിച്ചുവിട്ടപ്പോള്‍ നിയമസഭ വളഞ്ഞ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സമരം ആളിക്കത്തിക്കുകയായിരുന്നു. പൊടുന്നനെ തന്നെ സഭക്കുള്ളിലെ പ്രതിഷേധത്തിന്റെ അലയൊലികള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിട്ടും ഭരണപക്ഷത്തെ നിലക്കുനിര്‍ത്താന്‍ കഴിയാത്ത പ്രതിപക്ഷമെന്ന ചീത്തപ്പേരുകൂടിയാണ് മാണിക്കെതിരായ സമരത്തിലൂടെ ഇടതുപക്ഷം കഴുകിക്കളയുന്നത്. നാളെ സംസ്ഥാന ഹര്‍ത്താല്‍ നടത്തി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സംസ്ഥാനമൊട്ടാകെ ആളിക്കത്തിക്കാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്.

Top