ഉസൈന്‍ ബോള്‍ട്ട് തന്നെ ചാമ്പ്യന്‍; ഗാറ്റ്‌ലിന്‍ രണ്ടാമത്

ബെയ്ജിംഗ്: ലോകം കാത്തിരുന്ന വേഗ പോരാട്ടത്തില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് വീണ്ടും വേഗത്തിന്റെ രാജകുമാരനായി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിന് തന്നെ സ്വര്‍ണം. 9.79 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തിയത്. ഇതു മൂന്നാം തവണയാണ് ബോള്‍ട്ട് ഈ നേട്ടം കൈവരിക്കുന്നത്.

അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണു വെള്ളി. 9.80 സെക്കന്‍ഡിലാണു ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ ഓടിയെത്തിയത്. അമേരിക്കയുടെ തന്നെ ബ്രോമലിനും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസേയും വെങ്കലം പങ്കിട്ടു. ഇരുവരും മൂന്നാം സ്ഥാനത്ത് എത്തിയത് 9.92 സെക്കന്‍ഡ് എടുത്താണ്.

ബെയ്ജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ഹീറ്റ്‌സില്‍ ബോള്‍ട്ടിനു മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഗാറ്റ്‌ലിന്‍ ബോള്‍ട്ടിനു വെല്ലുവിളി ഉയര്‍ത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 2009-ലും 2013-ലും ബോള്‍ട്ട് ഇതിനു മുമ്പ് വേഗമേറിയ താരമെന്ന പദവി സ്വന്തമാക്കിയിരുന്നു.

Top