ഉള്‍ക്കടലില്‍പ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന ഉള്‍ക്കടലില്‍പ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് തീരത്ത് എത്തിച്ചു. തിങ്കളാഴ്ചയാണ് ഇവര്‍ രാമേശ്വരത്തുനിന്നു മീന്‍പിടിക്കാന്‍ ട്രോളറില്‍ കടലില്‍പോയത്. ഇവര്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇന്ത്യന്‍ തീരസേനയെ വിവരം അറിയിച്ചു.

സേന കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ട്രോളര്‍ കണ്ടെത്തുന്നതിന് ശ്രീലങ്കന്‍ നാവികസേനയേയും ഇന്ത്യ സമീപിച്ചു. ശ്രീലങ്കന്‍ നാവികസേന നടത്തിയ തിരച്ചിലില്‍ തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദുരത്തില്‍ കേടായ ട്രോളര്‍ കണ്ടെത്തി.

ട്രോളറിലുണ്ടായിരുന്ന ആറുപേരും അവശരായിരുന്നു. ലങ്കന്‍ സേന ട്രോളര്‍ കെട്ടിവലിച്ച് തലൈമാന്നാറിലേക്ക് എത്തിച്ചു. ആറ് പേര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കിയശേഷം ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ വിവരം അറിയിച്ചു. പിന്നീട് ഇന്ത്യന്‍ തീരസേന സമുദ്രാതിര്‍ത്തിയിലെത്തി മത്സ്യത്തൊഴിലാളികളെ ട്രോളറുള്‍പ്പെടെ ഏറ്റുവാങ്ങി. ഇന്നലെ വെളുപ്പിന് അവര്‍ രാമേശ്വരത്ത് തിരിച്ചെത്തി.

Top