ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ട് പൊളിച്ച് ആധിപത്യം സ്ഥാപിക്കാന്‍ വി എം സുധീരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ട് പൊളിച്ച് തെരഞ്ഞെടുപ്പിനു ശേഷം പുനസംഘടനയിലൂടെ പാര്‍ട്ടി പിടിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ കരുനീക്കം.

സുധീരന്‍ കെ.പി.സി.സി പ്രസിഡന്റാകുന്നതിനെ ഒന്നിച്ചെതിര്‍ത്ത എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയുമാണ് മുഖ്യമന്ത്രി പദത്തിന്റെ പേരില്‍ സുധീരന്‍ ഭിന്നിപ്പിച്ചത്.

സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കരുതെന്ന ഇരുനേതാക്കളുടെയും വാദം തള്ളിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് സുധീരനെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചത്.

ഇതിനു ശേഷം പാര്‍ട്ടി പുനസംഘടനയെന്ന സുധീരന്റെയും കെ.പി.സി.സി നേതൃത്വത്തിന്റെയും തീരുമാനം ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് ലിസ്റ്റിനു പകരം കഴിവുനോക്കി നേതൃസ്ഥാനം എന്ന നിലപാട് സുധീരന്‍ സ്വീകരിച്ചതാണ് ഇരു ഗ്രൂപ്പുകളെയും ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പെ പുനസംഘടന പൂര്‍ത്തിയാക്കാനുള്ള സുധീരന്റെ നീക്കം ഇരുവരും ചേര്‍ന്നു തടഞ്ഞു.

സുധീരനെതിരെ കെ.പി.സി.സിയിലും എ, ഐ ഗ്രൂപ്പുകളുടെ കൂട്ടായ്മയുണ്ടായി. തെരഞ്ഞെടുപ്പിനു ശേഷം പുനസംഘടന എന്ന വിട്ടുവീഴ്ചക്ക് സുധീരനു വഴങ്ങേണ്ടി വന്നു. ഇതിനു തിരിച്ചടിയായാണ് എ-ഐ ഗ്രൂപ്പുകളുടെ ഐക്യം തകര്‍ത്ത് സുധീരന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുമെന്നു പ്രഖ്യാപിച്ച സുധീരന്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തിന് തിരിച്ചടി നല്‍കുകയായിരുന്നു. ഇതോടെ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പ്രകോപിതരായി. സാമുദായിക സമവാക്യം പറഞ്ഞ് അവസാന മാസങ്ങളിലെങ്കിലും മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ മോഹങ്ങള്‍ക്കാണ് മങ്ങലേറ്റത്.

ചെന്നിത്തല മുഖ്യമന്ത്രി പദത്തിനായി നടത്തുന്ന കരുനീക്കങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ജാഗ്രതപാലിക്കുകയാണ്. ഇരു ഗ്രൂപ്പുകളും സുധീരനെതിരെ തിരിഞ്ഞ് ഐക്യം ഉപേക്ഷിച്ച് ചേരിതിരിഞ്ഞു നില്‍ക്കുകയാണിപ്പോള്‍. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടി പുനസംഘടനയിലൂടെ ഗ്രൂപ്പുകളില്‍ നിന്നും നേതൃത്വം തിരിച്ചുപിടിക്കാനിരിക്കുകയാണ് സുധീരന്‍.

ഗ്രൂപ്പ് വഴക്കുമൂര്‍ഛിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നണിയെ നയിക്കാന്‍ പ്രവര്‍ത്തകസമിതി അംഗമായ എ.കെ ആന്റണിക്ക് വഴിയൊരുക്കുകയാണ് സുധീരന്റെ ലക്ഷ്യം. ആന്റണി ഇല്ലെങ്കില്‍ സുധീരനെ തന്നെ മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിക്കാനും സാധ്യതയുണ്ട്.

Top