താര പ്രചാരകരായത്‌ ആന്റണിയും വി.എസും; നിറം മങ്ങി ഉമ്മന്‍ചാണ്ടിയും പിണറായിയും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ വിധിയെഴുതുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന താര പ്രചാരകരായത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സിപിഎം പി.ബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനും തണുത്ത പ്രതികരണം മാത്രമാണ് അരുവിക്കരയില്‍ ലഭിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും താരമൂല്യമുള്ള പ്രചാരകനായത് എ.കെ ആന്റണിയായിരുന്നു. ആത്മസുഹൃത്തായി ജി. കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിന്റെ പ്രചരണത്തിനായി അരയും തലയും മുറുക്കിയാണ് ആന്റണി രംഗത്തെത്തിയത്.

ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെഎസ്‌യു രംഗത്തെത്തിയപ്പോള്‍ ശബരിനാഥ് ഉള്‍ക്കരുത്തുള്ള ചെറുപ്പകാരനാണെന്നു പറഞ്ഞ് തുണക്കെത്തിയത് ആന്റണിയാണ്. യുഡിഎഫ് പ്രചരണത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ വികസനവിരോധികളാണെന്ന് പറഞ്ഞ് ആക്രമണ ശൈലിയാണ് ആന്റണി പുറത്തെടുത്തത്.

ആന്റണിയെ പ്രതിരോധിക്കാന്‍ എല്ലാ എതിര്‍പ്പുകളും മറന്ന് ഔദ്യോഗികനേതൃത്വം വി.എസ് അച്യുതാനന്ദനെ രംഗത്തിറക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്കും ആന്റണിക്കുമെതിരെ ആഞ്ഞടിച്ച വി.എസ് അരുവിക്കരയെ ഇളക്കിമറിച്ചാണ് പ്രചരണം നടത്തിയത്. ഒന്നാം യുപിഎയിലും രണ്ടാം യുപിഎ സര്‍ക്കാരിലും അഴിമതി നടക്കുമ്പോള്‍ ആന്റണി ഉറങ്ങുകയായിരുന്നെന്നായിരുന്നു വി.എസിന്റെ പരിഹാസം.

മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും അടുത്ത മുഖ്യമന്ത്രിയായി സിപിഎം ഉയര്‍ത്തികാട്ടുന്ന പിണറായി വിജയനും അരുവിക്കരയിലെ ജനങ്ങളെ ആകര്‍ഷിക്കാനായില്ലെന്നതാണ് പ്രചരണ രംഗത്തെ കാഴ്ചകള്‍.

അതേസമയം ആന്റണിയും വി.എസും പ്രചരണത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ആന്റണി നടത്തിയ റോഡ് ഷോ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തിരുന്നു.

ഇടതുമുന്നണിക്കു വേണ്ടി ജനക്കൂട്ടത്തെ ഇളക്കിമറിച്ച പ്രചരണം നടത്തിയത് വി.എസായിരുന്നു. ഹൈക്കമാന്റ് നല്‍കിയ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയ രമേശ് ചെന്നത്തലക്ക് പോലും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹരിപ്പാട് മണ്ഡലത്തില്‍ 5520 വോട്ടിന്റെ കഷ്ടിച്ച ഭൂരിപക്ഷത്തിലാണ് ചെന്നിത്തല പോലും വിജയിച്ചത്.

Top