ഉപഹാര്‍ തിയറ്റര്‍ ദുരന്തം: പ്രതികളെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസില്‍ ഉടമകളെ പിഴ ചുമത്തി വിട്ടയയ്ക്കുന്നതിനുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിയറ്റര്‍ ദുരന്തത്തില്‍ രണ്ടു മക്കളെയും നഷ്ടപ്പെട്ട നീലം കൃഷ്ണമൂര്‍ത്തി വിധിക്കെതിരെ രംഗത്തെത്തി. നീതിന്യായക്കോടതികള്‍ പണക്കാര്‍ക്കു മാത്രമാണുള്ളത്. പണത്തിന്റെ പിന്‍ബലം കൊണ്ടുമാത്രമാണ് അന്‍സല്‍ സഹോദരങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടാതെ രക്ഷപ്പെട്ടത്. ഇത് ഒരു തരത്തിലും നീതിയര്‍ഹിക്കുന്ന ഒന്നല്ലെന്നും നീലം പറഞ്ഞു.

രണ്ടു മക്കളെയും നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രയാണെന്ന് ജഡ്ജിമാര്‍ക്ക് മനസിലാകുമോ? എന്നെ സംബന്ധിച്ച് ഈ വിധി ഒന്നുമല്ല. കഴിഞ്ഞ 18 വര്‍ഷം നീതിന്യായ വ്യവസ്ഥകളില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇതില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നീലം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസില്‍ പ്രതിസ്ഥാനത്തുള്ള തിയറ്റര്‍ ഉടമകളായ സുശീല്‍ അന്‍സല്‍, ഗോപാല്‍ അന്‍സല്‍ എന്നിവരെ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇരുവരും മൂന്നു മാസത്തിനകം 30 കോടി രൂപ വീതം പിഴയടയ്ക്കണമെന്നു ജസ്റ്റിസുമാരായ എ.ആര്‍. ദവെ, കുര്യന്‍ ജോസഫ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണവേളയില്‍ ഇരുവരും അനുഭവിച്ച ജയില്‍വാസം ശിക്ഷാ കാലയളവായി പരിഗണിച്ച കോടതി, ഇവരെ ജയിലിലടയ്ക്കണമെന്ന സിബിഐ ആവശ്യം അംഗീകരിച്ചില്ല.

സുശീല്‍ അഞ്ചുമാസവും ഗോപാല്‍ നാലുമാസവും തടവ് അനുഭവിച്ചിരുന്നു. അന്‍സല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള ഉപഹാര്‍ തിയറ്ററില്‍ 1997 ജൂണ്‍ 13ന് ഉണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ ശ്വാസംമുട്ടി മരിക്കുകയും 103 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top