പി. ജയരാജനെതിരായ സിബിഐ നീക്കം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയം

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നല്‍കിയ നോട്ടീസ് അനവസരത്തില്‍ !

ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കതിരൂര്‍ മനോജ് വധക്കേസില്‍ ജൂണ്‍ രണ്ടിന് തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നത്.

മനോജ് വധക്കേസിലെ സിപിഎം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത സിബിഐക്ക് ജയരാജനെ ചോദ്യം ചെയ്യണമായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ആകാമായിരുന്നുവെന്നും, അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയരാജനെ സിബിഐ ചോദ്യം ചെയ്യുന്നതും തുടര്‍ നടപടികളും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നുമാണ് ഉയര്‍ന്ന് വരുന്ന ആരോപണം.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മനോജ് വധക്കേസ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്‌സിംഗ് കണ്ണൂരിലെ മനോജിന്റെ വീടും ആര്‍എസ്എസ് കാര്യാലയവും സന്ദര്‍ശിച്ച് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും പിടികൂടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അന്വേഷണ ചുമതല ഏറ്റെടുത്ത സിബിഐ സംഘം സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിലൂടെ ഗൂഢാലോചന കണ്ടെത്തുന്നതിന് വേണ്ടിയാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് സൂചന.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജനെതിരെ നടന്ന വധശ്രമത്തിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. തിരുവോണ നാളില്‍ നടന്ന അന്നത്തെ ആക്രമണത്തില്‍ ജയരാജന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടിരുന്നു. പിന്നീട് കൈപ്പത്തി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വച്ച് തുന്നിച്ചേര്‍ത്തെങ്കിലും ഇപ്പോഴും ചലന ശേഷി ലഭിച്ചിട്ടില്ല.

മനോജിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച ജയരാജന്റെ മകനെതിരെയും ആര്‍എസ്എസ്-ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. മുന്‍കൂട്ടി നടത്തിയ തിരക്കഥ പ്രകാരമാണ് മനോജിനെ കൊന്നതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ജയരാജനെതിരെ ഏതെങ്കിലും തരത്തിലുള്ള കടുത്ത നടപടിക്ക് സിബിഐ തയ്യാറായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഉറപ്പാണ്.

കൊലയാളികളുടെ പാര്‍ട്ടിയായി സിപിഎമ്മിനെ ചിത്രീകരിച്ച് ആഞ്ഞടിക്കാന്‍ ബിജെപിക്കും യുഡിഎഫിനും ഇത് ആയുധമാകും. ഫലത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കം വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകാന്‍ സിബിഐയുടെ പുതിയ നീക്കം കാരണമാകുമോ എന്നാണ് രാഷ്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

ടി.പി വധക്കേസ് കത്തി നിന്ന സാഹചര്യത്തില്‍ നടന്ന നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടി ലഭിച്ചത് പോലെ കതിരൂര്‍ മനോജ് വധക്കേസും ഇപ്പോള്‍ ഇടത് സാധ്യതക്ക് മുകളില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.

ജയരാജനെ ചോദ്യം ചെയ്യാനൊരുങ്ങുന്ന സിബിഐ സംഘം സ്വീകരിക്കുന്ന നിലപാട് അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

Top